വിഴിഞ്ഞം തുറമുഖത്തിനായി ഏറ്റെടുത്ത സ്ഥലങ്ങളിൽ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷം

single-img
27 October 2015

vizhinjam

വിഴിഞ്ഞം: തിരുവനന്തപുരം വിഴിഞ്ഞത്ത് രാജ്യാന്തര തുറമുഖ നിർമാണത്തിനായി ഏറ്റെടുത്ത സ്ഥലങ്ങളിൽ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമായി വരുന്നെന്ന് പരാതി. ഈ സ്ഥലങ്ങളിൽ കടന്നുകയറി പൊതുമുതൽ നശിപ്പിക്കലും മോഷണവും മദ്യപാനവും നടക്കുന്നതായാണ് വിഴിഞ്ഞം ഇന്റർനാഷനൽ സീ പോർട്ട് കമ്പനിയുടെ (വിസിൽ) പരാതി.

വിഴിഞ്ഞം പദ്ധതി പ്രദേശത്തിൽ ഉൾപ്പെടുന്ന പനവിളക്കോട് ഭാഗത്തെ ചുറ്റുമതിൽ കഴിഞ്ഞ ദിവസം ചിലർ തകർക്കുകയും സിമന്റ് കട്ടകൾ കടത്തുകയും ചെയ്തതായി വിസിൽ അധികൃതർ പോലീസിൽ പരാതിപ്പെട്ടിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ചുള്ള പ്രവർത്തനങ്ങളാണ് അധികവും. പദ്ധതിക്കായി ഏറ്റെടുത്തിട്ടുള്ള മറ്റു പ്രദേശങ്ങളിലും സമാനസംഭവങ്ങൾ മുൻപും നടന്നിട്ടുള്ളതായി പരാതിയിൽ പറയുന്നു.

സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിൽ കമ്പനിക്ക് വലിയ തുക നാശനഷ്ടമുണ്ടായതായും പറയുന്നു. കുറ്റക്കാരെ കണ്ടെത്തണമെന്നും കമ്പനിക്കുണ്ടായ സാമ്പത്തികനഷ്ടം ഇടാക്കണമെന്നും ആവശ്യപ്പെട്ട് വിസിൽ അധികൃതര്‍ വിഴിഞ്ഞം പോലീസിൽ പരാതിപ്പെട്ടു.