ഇന്നത്തെ കളി ബ്ലാസ്റ്റേഴ്സിന് നിർണ്ണായകം

single-img
27 October 2015

49247230പൂണെ: കരുത്തരായ പൂണെ സിറ്റിയോട് ചൊവ്വാഴ്ച കളിക്കാനിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് ജയം അനിവാര്യമാണ്. ഇതുവരെ ഐ.എസ്.എല്ലിൽ കളിച്ച അഞ്ചുകളികളിൽ ഒരു ജയവും സമനിലയും മൂന്നു തോൽവിയുമാണ് മഞ്ഞപ്പട നേടിയിട്ടുള്ളത്. നാല് പോയന്‍റുമായി ഐ.എസ്.എൽ പട്ടികയിൽ അവസാന സ്ഥാനത്താണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ്. അഞ്ചു മത്സരങ്ങളിൽനിന്നായി മൂന്നുകളിയിൽ ജയവും രണ്ടുതോൽവിയും നൽകിയ ഒമ്പതു പോയന്‍റുമായി നിലവിൽ മൂന്നാം സ്ഥാനത്താണ് പുണെയുടെ നിൽപ്.

ഏതു പ്രതിരോധനിരയേയും ഭേതിച്ച് മുന്നേറാൻ കഴിയുന്ന പൂണയെ തളയ്ക്കുക അത്ര എളുപ്പമാവില്ല. കൂടാതെ മധ്യനിരക്കാരൻ പീറ്റർ കാർവാലൊയും പ്രതിരോധത്തിലെ ഗുർവീന്ദറും പരിക്കുകാരണം പുണെക്കെതിരെ കളിക്കാനുണ്ടാകില്ല എന്നതും കേരളത്തിന് ക്ഷീണമുണ്ടാക്കും. എന്നാൽ പൂണെ സിറ്റിയുടെ കഴിഞ്ഞമത്സരങ്ങളിൽ ഗോൾ അവസരം ഒരുക്കുന്നതിന് നിർണായക പങ്കു വഹിച്ച ലെനി റോഡ്രിഗ്സ് പരിക്കുമൂലം ചൊവ്വാഴ്ച കേരളത്തിനെതിരെ കളിക്കാനുണ്ടാകില്ല എന്നത് ബ്ലാസ്റ്റേർസിന് ആശ്വാസമേകും. അതിനാൽ തന്നെ ഇന്നത്തെ കളി വളരെ നിർണ്ണായകമാണ്.

കഴിഞ്ഞ കളികളിലെല്ലാം താളപ്പൊരുത്തത്തോടെ മൈതാനം നിറഞ്ഞുകളിച്ചത് ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു. എന്നാൽ ഗോളടിക്കുന്നതിലുള്ള കഴിവുകേടും പ്രതിരോധത്തിലെ പിഴവുകളുമാണ് തോൽവിയിലേക്ക് അവരെ നയിച്ചത്. നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ തകർത്ത് ഐ.എസ്.എൽ രണ്ടാം സീസണിന് മികച്ച തുടക്കംകുറിച്ച് ആരാധക ലക്ഷങ്ങള്‍ക്ക് പ്രതീക്ഷ സമ്മാനിച്ച കേരളത്തിന് പിന്നീട് തിളങ്ങാൻ കഴിഞ്ഞില്ല. മുംബൈ സിറ്റി എഫ്.സിയെ ഗോൾരഹിത സമനിലയിൽ തളച്ചെങ്കിലും ഡൽഹി, കൊൽക്കത്ത, ഗോവ ടീമുകളോട് തോൽവിയേറ്റുവാങ്ങുകയായിരുന്നു.

ഇനിയുമൊരു തോൽവി ബ്ളാസ്റ്റേഴ്സിന് താങ്ങാനാകുന്നതിലും അധികമാകും. മുൻ മത്സരങ്ങളിൽ കാണിച്ച പിഴവുകൾ തിരുത്തി ജയം ലക്ഷ്യം വെച്ചാണ് ചൊവ്വാഴ്ച പുണെയോടു ഏറ്റുമുട്ടാനായി കേരളം ബാലെവാഡി സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്.