മാൽദീവ്സ് പ്രസിഡന്റിന്റെ വധശ്രമവുമായി ബന്ധപ്പെട്ട് വൈസ്പ്രസിഡന്റ് അറസ്റ്റിൽ

single-img
24 October 2015

maldvian tourism minister_2

മാലി: മാൽദീവ്സ് പ്രസിഡന്റ് അബ്ദുള്ള യമീന് നേരെയുണ്ടായ വധശ്രമത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മാൽദീവ്സ് വൈസ് പ്രസിഡന്റ് അഹ്മദ് അദീഭിനെ പോലീസ് അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര ന്യൂസ് ഏജൻസിയായ റോയിട്ടേഴ്സ് ആണ് റിപ്പോർട്ടുകൾ പുറത്തുവിട്ടത്.

ഈ വർഷം സെപ്റ്റംബർ 28നായിരുന്നു അബ്ദുള്ള യമീന് നേരെ വധശ്രമം ഉണ്ടായത്. സൗദിയിൽ നിന്നും ഹജ്ജ് തിർഥാടനം കഴിഞ്ഞ് മടങ്ങവെ യമീൻ സഞ്ചരിച്ച ബോട്ടിൽ ബോംബ് സ്ഫോടനം നടക്കുകയായിരുന്നു. ‘ഫിനിഫെന്മാ’ എന്ന പ്രസിഡന്റിന്റെ ഔദ്യോഗിക ബോട്ടിലായിരുന്നു സ്ഫോടനം. സംഭവത്തിൽ നിസ്സാര പരിക്കുകളോടെ യമീൻ രക്ഷപ്പെട്ടിരുന്നു.

പോലീസ് അന്വേഷണത്തിൽ അഹ്മദ് അദീഭിന് സ്ഫോടനവുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് അറസ്റ്റ് നടന്നത്. ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ധൂനിധൂ തടവറയിലാണ് അദീഭ്.

രാജ്യദ്രോഹ കുറ്റമാണ് വൈസ് പ്രസിഡന്റിനെതിരെ ചാർത്തിയിരിക്കുന്നതെന്ന് മാൽദീവ്സ് അഭ്യന്തര മന്ത്രി ഉമ്മർ നസീർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.