സംഘപരിവാര്‍ മനസ്സിലാക്കണം, മത രാഷ്ട്രീയം കൊല്ലാനുള്ള അധികാരമല്ല

single-img
24 October 2015

GREATER NOIDA, INDIA - SEPTEMBER 29: Family members of Mohammad Akhlaq (50-year-old man) mourn during his funeral at their village in Bisada on September 29, 2015 in Greater Noida, India. Akhlaq was beaten to death and his son critically injured by a mob over an allegation of storing and consuming beef at home, late night on Monday, in UPs Dadri. Police and PAC were immediately deployed in the village to maintain law and order. Six persons were arrested in connection with the killing of man. (Photo by Burhaan Kinu/Hindustan Times via Getty Images)

ദാദ്രിയും ഹരിയാണയും പറയുന്നത് രണ്ടല്ല, ഒന്നുതന്നെയാണ്. ഭൂരിപക്ഷ സമുദായത്തിന്റെ ഇഷ്ടത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഓരോ ചലനത്തേയും വര്‍ഗ്ഗീയം എന്ന ആയുധം കൊണ്ട് ഭയപ്പെടുത്താനുള്ള നീക്കങ്ങളുടെ പ്രത്യക്ഷ തുടക്കം. യഥാര്‍ത്ഥ തുടക്കം കാലങ്ങള്‍ക്കു മുമ്പു തന്നെ സംഭവിച്ചിരുന്നു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുള്‍പ്പെടെയുള്ളവരെ ഇരകളാക്കി തുടങ്ങിയ വേട്ട ഇക്കാലം വരെ ഒളിച്ചുംപാത്തുമായിരുന്നെങ്കില്‍ ഇന്നത് മാറിയിരിക്കുന്നു. കാര്യങ്ങളില്ലാത്ത കാരണങ്ങളുണ്ടാക്കി മനുഷ്യനെ പച്ചയ്ക്ക് കൊല്ലുന്ന അവസ്ഥവരെ എത്തി നില്‍ക്കുന്നു ഈ മഹാരാജ്യത്തിന്റെ വര്‍ത്തമാനകാലം.

സംഘപരിവാര്‍ സംഘടനകള്‍ രാഷ്ട്രീയത്തെ കാണുന്നത് കൊല്ലാനുള്ള അധികാരമായിട്ടാണെന്ന് തോന്നിപ്പോകുകയാണ്. എന്നാല്‍ ഇതിനകത്തുള്ള ഏറ്റവും വലിയ തമാശ എന്നു പറയുന്നത് ഹിന്ദുത്വ രാഷ്ട്രത്തിനായാണ് വാദമെങ്കിലും ഇവരുടെ ഇരകള്‍ അന്യമതസ്ഥര്‍ മാത്രമല്ല എന്നുള്ളതാണ്. ഹിന്ദുമതത്തിലെ തന്നെ ദളിത് സമുദായത്തില്‍പ്പെട്ടവരേയും മത- വര്‍ഗ്ഗീയത മൂടിയ കണ്ണുകളിലൂടെ കാണുന്ന ഇവര്‍ പിന്തുടരുന്ന പാത ആ പഴയ ഹിറ്റ്‌ലറുടേതാണെന്ന് നിരീക്ഷണത്തിലൂടെ മനസ്സിലാകും. ആര്യന്‍ മേധാവിത്വം ഉയര്‍ത്തിക്കാട്ടി ജൗതരെയും അനാര്യന്‍മാരേയും കത്തിച്ചു ചാമ്പലാക്കിയ ആ ക്രൂര മനസ്സ് ഇന്ന് ഇന്ത്യയെ പതുക്കെ ഗ്രസിച്ചു തുടങ്ങിയിരിക്കുന്നു എന്നുള്ളത് ഭീതിയോടെതന്നെ കാണ്ടേണ്ട കാര്യമാണ്.

പശുമാംസം വീട്ടില്‍ സൂക്ഷിച്ചുവെന്ന് ആരോപിച്ച് അക്രമാസക്തരായ ജനക്കൂട്ടം ഒരു കുടുംബത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ തകര്‍ന്നു വീഴുന്നത് അനേകായിരം വര്‍ഷങ്ങളായി ലോകത്തിനു മുന്നില്‍ നാം അഭിമാനപുരസരം ചൂണ്ടിക്കാണിക്കുന്ന നമ്മുടെ സംസ്‌കാരമാണ്. ദളിത് കുടുംബങ്ങളെയും അവരുടെ കുട്ടികളേയും മനസാക്ഷിക്കുത്തില്ലാതെ ചുട്ടുകരിക്കുമ്പോള്‍ ഇല്ലാതാകുന്ന അനുകൂല സംഘപരിവാര്‍ വാദങ്ങള്‍ക്കൊപ്പം അവരുടെ ഫാസിസ്റ്റ് മനോഭാവവും വ്യക്തമാകുന്നു. കാക്ക കുളിച്ചാല്‍ കൊക്കാകില്ല എന്ന പഴമൊഴി ഇവിടെ ഒരിക്കല്‍ക്കൂടി എടുത്ത് പറയേണ്ടിവരും. എത്രയൊക്കെ ഹിന്ദു ആചാരങ്ങള്‍ ആചരിച്ചാലും ഉയര്‍ന്ന കുലത്തില്‍ പിറക്കാത്ത അധഃസ്ഥിതനെ ഹിന്ദു എന്നു വിളിക്കാന്‍ ഉത്തരേന്ത്യന്‍ സംഘപരിവാറുകള്‍ക്ക് മനസ്സില്ല എന്നു തന്നെയാണ് ഈ സംഭവവും കാണിക്കുന്നത്.

പ്രബുദ്ധരായ കേരളത്തിലേക്ക് ഇക്കാര്യങ്ങള്‍ എത്തുമ്പോള്‍ സംഭവിക്കുന്നത് വ്യത്യസ്തമാണ്. ആര്യനേയും ദ്രാവിഡനേയും തിരിച്ചറിയാനുള്ള പക്വതയും അത് സമൂഹത്തിനു മുന്നില്‍ വിളിച്ചു പറയാനുള്ള ആര്‍ജ്ജവവും കേരള ജനതയ്ക്കുണ്ട്. ഉത്തരേന്ത്യയില്‍ ആര്യന്‍മാരുടെ ആക്രമണം ഭയന്ന് ദക്ഷിണേന്ത്യയിലേക്ക് കുടിയേറിയ ദ്രാവിഡ ഗോത്രത്തില്‍പ്പെട്ട നമ്മള്‍ അടങ്ങുന്ന സമൂഹത്തിന് നല്ലതും ചീത്തയും തിരിച്ചറിയാനുള്ള വിവേകമുണ്ടെന്നുള്ളതിന് തെളിവാണ് അത്. പശുവിനെ അമ്മയെന്നു വിളിക്കേണ്ട ഗതികേടിലല്ല തങ്ങളെന്ന് കരുതുന്ന ഇന്ത്യയിലെ ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്ന്്. അതിനു തെളിവാണ് ചിലയിടങ്ങളില്‍ വര്‍ഗ്ഗീയത മാത്രം ചവച്ചു തുപ്പുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്റെ ‘ബീഫ് കഴിക്കുന്നതില്‍ തെറ്റില്ല’ എന്ന പ്രസ്താവന കാണിക്കുന്നത്.

മത-ജാതി വിദ്വേഷങ്ങള്‍ ഒരിക്കല്‍ പോലും തൊട്ടു തീണ്ടാത്ത ഒരിടമാണ് ഇന്ത്യന്‍ സൈനിക മേഖല. പിറന്ന നാടിനു വേണ്ടി ജാതി- മത- വര്‍ഗ്ഗ ഭേദമില്ലാതെ ഇന്ത്യക്കാര്‍ ഒരുമിച്ച് തോളോട് തോള്‍ ചേര്‍ന്ന് പൊരുതുന്നയിടം. കുറച്ചു കാലം മുമ്പ് ഈ മേഖലയുടെ തലവനായിരുന്ന ജനറല്‍ വി.കെ സിംഗ് ഇന്ന് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ മന്ത്രിയുമാണ്. എന്നാല്‍ ഒരു സൈനിക മേധാവിക്കുണ്ടായിരിക്കേണ്ട മതനിരപേക്ഷതയും സഹിഷ്ണുതയുമില്ലാത്ത വാക്കുകളാണ് അദ്ദേഹത്തില്‍ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്നതെന്നുള്ളത് അത്ഭുതം ജനിപ്പിക്കുന്നു. ഹരിയാണയില്‍ പിടഞ്ഞു മരിച്ച പിഞ്ചുകുട്ടികളെ ‘പട്ടികള്‍’ എന്നുവളിച്ച് ഉപമിക്കാന്‍ ഇത്തരത്തില്‍ ഒരു പദവിയിലിരുന്ന ആര്‍ക്കും കഴിയില്ല എന്നുള്ള വിശ്വാസമാണ് ഇവിടെ തകര്‍ന്നത്. മത-വര്‍ഗ്ഗ ബോധങ്ങള്‍ ഒരു രാജ്യത്തിന്റെ സൈനിക മേഖലയെ പിടികൂടിയാല്‍ ജനാധിപത്യമെന്ന മഹത്തായ കാഴ്ചപ്പാടിന് വിലയില്ലാതാകുന്ന ഒരു കാലമായിരിക്കും സംജാതമാകുക.

ഒരൊറ്റ മനസ്സായി മുന്നേറിയതാണ് ഈ രാജ്യത്തിന്റെ വര്‍ത്തമാനമെന്നത് മറന്ന് ജാതി മത ചിന്തകളെ കൂട്ടിക്കലര്‍ത്തി ജനങ്ങളെ വേര്‍തിരിക്കുന്ന ഈ സംഘപരിവാര്‍ അജണ്ടയ്‌ക്കെതിരെ ഇനിയും നാം ഉണരാന്‍ വൈകിക്കൂട. അങ്ങനെയായാല്‍ ലോകത്തിനു മുന്നില്‍ തലയുയര്‍ത്തിനിന്ന് നാം അഭിമാനത്തോടെ നെഞ്ചില്‍ കൈവിച്ചു പറഞ്ഞ ഇന്ത്യയുണ്ടാകില്ല. പകരം ലോകം വെറുപ്പോടെ നോക്കിക്കാണുന്ന ഒരു മത ഭ്രാന്താലയമായിരിക്കും ഇവിടെ സൃഷ്ടിക്കപ്പെടുക. വെറുതെയിരിക്കുമ്പോള്‍ മത- വര്‍ഗ്ഗീയത തികട്ടി വരുന്നവര്‍ അപ്പോള്‍ തന്നെ വണ്ടി കയറണം. അങ്ങ് പാകിസ്ഥാന്‍ അതിര്‍ത്തിയിലേക്ക്. അവിടെ ഭീരതയ്ക്കു മുന്നില്‍ ഇടം വലം നിന്ന് പോരാടുന്ന സൈനികരോട് ജാതിയും മതവും ചോദിക്കണം. അന്നു തീരും, ഈ വിഷ ചിന്തകളും വികല മനോഭാവവും.