ദളിത് കുടുംബത്തെ അവഹേളിച്ച കേന്ദ്രമന്ത്രി വി.കെ.സിംഗ് മാപ്പു പറഞ്ഞു

single-img
23 October 2015

M_Id_439654_VK_Singhഹരിയാനയിലെ ഫരീദാബാദില്‍ ഉയര്‍ന്ന ജാതിക്കാരുടെ ആക്രമണത്തിനു ഇരയായ ദളിത് കുടുംബത്തെ അവഹേളിച്ച് പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി വി.കെ.സിംഗ് മാപ്പു പറഞ്ഞു. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്‌ടെങ്കില്‍ മാപ്പു പറയുന്നതായി അദ്ദേഹം പറഞ്ഞു.

ആരെയും മനഃപൂര്‍വം വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നെന്നും വി.കെ. സിംഗ് പറഞ്ഞു. ആരെങ്കിലും പട്ടിയെ കല്ലെറിഞ്ഞാല്‍ കേന്ദ്ര സര്‍ക്കാരാണോ ഉത്തരവാദിയെന്നായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. സംഭവത്തിന്റെ ഉത്തരവാദിത്വം ഹരിയാന സര്‍ക്കാരിനാണെന്നും അവര്‍ നടപടിയെടുക്കുമെന്നുമാണ് സിംഗ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.

സിംഗിന്റെ പ്രസ്താവന വിവാദമായതോടെ കോണ്‍ഗ്രസ് രാജി ആവശ്യവുമായി രംഗത്തുവന്നിരുന്നു.