സിറിയയില്‍ ഐ.എസിന്റെ അവസാനം കാണുകയെന്ന ലക്ഷ്യത്തോടെ ശക്തമായ വ്യോമാക്രമണം നടത്തുന്ന റഷ്യയ്ക്ക് നന്ദി അറിയിക്കാന്‍ സിറിയന്‍ പ്രസിഡന്റ് അസദ് മോസ്‌കോയില്‍ പുട്ടിനെ കണ്ടു

single-img
23 October 2015

assad-putin_0

സിറിയയില്‍ ഐ.എസിന്റെ അവസാനം കാണുകയെന്ന ലക്ഷ്യത്തോടെ ശക്തമായ വ്യോമാക്രമണം നടത്തുന്ന റഷ്യയ്ക്ക് നന്ദി അറിയിക്കാന്‍ സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് മോസ്‌കോയില്‍ പുടിനെ കണ്ടു. റഷ്യ അസദിന് മോസ്‌കോയില്‍ ഗംഭീര വരവേല്‍പ്പാണ് നല്‍കിയത്.

പിന്നാലെ സിറിയയില്‍ രാഷ്ട്രീയ പ്രശ്‌ന പരിഹാരത്തിന് പുടിന്റെ നയതന്ത്ര ഇടപെടലുണ്ടായിരിക്കുകയാണ്. അസദിന്റെ സന്ദര്‍ശനത്തിന് പിന്നാലെ സിറിയന്‍ വിമത സേനയ്ക്ക് സഹായം നല്‍കുന്ന രാഷ്ട്രങ്ങളായ സൗദി അറേബ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്‍ സംസാരിക്കുകയും ചെയ്തു. കൂടാതെ പശ്ചിമേഷ്യയിലെ മറ്റു രാഷ്ട്രങ്ങളായ ജോര്‍ദാനുമായും ഈജിപ്തുമായും പുടിന്‍ സംസാരിച്ചു.

എന്നാല്‍ അസദിന് വരവേല്‍പ് നല്‍കിയ റഷ്യന്‍ നടപടിയെ അമേരിക്ക അപലപിച്ചു. സ്വന്തം ജനതയ്ക്കുമേല്‍ രാസായുധം പ്രയോഗിച്ച അസദിന് ചുവപ്പു പരവതാനി വിരിച്ച റഷ്യന്‍ നടപടിയെ അപലപിക്കുന്നതായി വൈറ്റ്‌ഹൈസ് വക്താവ് എറിക് ഷല്‍റ്റ്‌സ് പറഞ്ഞു. സിറിയയിലെ രാഷ്ട്രീയ മാറ്റമെന്ന പ്രഖ്യാപിത ലക്ഷ്യത്തിന് വിരുദ്ധമായ നടപടിയാണ് റഷ്യ കൈക്കൊണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിറിയന്‍ ആഭ്യന്തര യുദ്ധം തുടങ്ങിയതിന് ശേഷമുള്ള അസദിന്റെ ആദ്യ വിദേശയാത്രയാണ് റഷ്യന്‍ സന്ദര്‍ശനം. ഇസ്ലാമിക് സ്റ്റേറ്റിനും വിമത സേനയ്ക്കുമെതിരെ സിറിയയിലെ റഷ്യന്‍ വ്യോമാക്രമണം മൂന്നാഴ്ച്ച പിന്നിടവെയാണ് അസദിന് പുടിന്‍ മോസ്‌കോയില്‍ ഗംഭീര വരവേല്‍പ്പ് നല്‍കിയത്.