ഒറ്റ വേരിയന്റുമായി ഷെവർലെ ട്രെയൽബ്ലേസർ ഇന്ത്യയിൽ; വില 26.4 ലക്ഷം

single-img
23 October 2015

Moto

അമേരിക്കൻ വാഹനഭീമൻമാരായ ജനറൽ മോട്ടോഴ്‌സിന്റെ കുടുംബത്തിൽ നിന്നും ഒരംഗംകൂടി ഇന്ത്യൻ വിപണിയിൽ എത്തി. സ്‌പോർട് യൂട്ടിലിറ്റി (എസ്.യു.വി) വിഭാഗത്തിൽ ഷെവർലെ ട്രെയൽബ്ലേസറിനെയാണ് ജി.എം അവതരിപ്പിച്ചിരിക്കുന്നത്.  26.4 ലക്ഷമാണ് ഈ ഏഴുസീറ്റർ എസ്.യു.വിയുടെ ദില്ലിയിലെ എക്‌സ്‌ഷോറൂം വില.

ട്രെയില്‍ബ്ലേസറിന് ഒരു വേരിയന്റ് മാത്രമാണുള്ളത്. ടൊയോട്ട ഫോർച്യൂണർ, മിത്സുബിഷി പജേറോ സ്‌പോർട് എന്നീ വാഹനങ്ങളടങ്ങുന്ന ശ്രേണിയിലേക്കാണ് ഷെവർലെ ട്രെയൽബ്ലേസർ നേരിട്ട് അംഗത്തിന് ഇറങ്ങുന്നത്.

2.8 ലിറ്റർ നാല് സിലിണ്ടർ ഡ്യൂറാമാക്‌സ് ഡീസൽ എൻജിനാണ് ട്രെയില്‍ബ്ലേസറിന് കരുത്ത് പകരുന്നത്. 3600 ആർ.പി.എമ്മിൽ 200 പി.എസ് പരമാവധി കരുത്ത് പുറപ്പെടുവിപ്പിക്കുന്ന എൻജിൻ  2000 ആർ.പി.എമ്മിൽ 500 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നു. ആറുസ്പീഡ് ഓട്ടോമാറ്റിക്ക്ഗിയർബോക്‌സാണ് ഇതിനോട്  ഘടിപ്പിച്ചിരിക്കുന്നത്. നിലവിൽ ടുവീൽ ഡ്രൈവിൽ മാത്രമേ ട്രെയില്‍ബ്ലേസർ ലഭ്യമാകൂ. ഫോർവീൽഡ്രൈവ് വേരിയന്റ്പിന്നീട് എത്തിക്കാനാണ് ഷെവർലെയുടെ പദ്ധതി.

അകമേയും നിരവധി സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ‍ ഇൻഫോടെയ്ന്‍മെന്റ് സംവിധാനം, സ്മാർ‍ട്ട്‌ഫോൺ ആപ്പ്ലിങ്ക്, ഇന്റർനെറ്റ് റേഡിയോ, ലെതർ സീറ്റുകൾ, ഓട്ടോ ഫോൾഡബിൾ ഓആർവിഎമ്മുകൾ, ക്രൂസ് കൾട്രോൾ, രണ്ടും മൂന്നും നിര സീറ്റുകളിൾ എ.സി വെന്റ്തുടങ്ങിയവയാണ് ഉൾവശത്തെ മുഖ്യാകർഷണങ്ങൾ.

സുരക്ഷയ്ക്കും പ്രാധാന്യം നൽകിയാണ് ട്രെയില്‍ബ്ലേസറിനെ ഷെവർലെ അണിയിച്ചൊരുക്കിയിരിക്കുന്നത്. എ.ബി.എസ്, ഇ.ബി.ഡി, എയർബാഗുകൾ,ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, കോർണറിങ് ബ്രേക്ക് കൺട്രോൾ തുടങ്ങി എല്ലാവിധ ആധുനിക സുരക്ഷാക്രമീകരണങ്ങളും ഉൾപെടുത്തി ഈ വാഹനത്തെ സുസജ്ജമാക്കിയിരിക്കുന്നു.