കേന്ദ്ര സർക്കാർ ബെൻസിൽ നിന്നും 55 ആഡംബര കാറുകൾ വാടകയ്ക്ക് വാങ്ങുന്നു

single-img
23 October 2015

Benz

ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ വിദേശകാര്യ വകുപ്പ് മന്ത്രാലയം ജർമൻ ആഡംബര കാർ നിർമ്മാതാക്കളായ മേഴ്സിഡീസ് ബെൻസിൽ നിന്നും 55 ആഡംബര വാഹനങ്ങൾ വാടകയ്ക്ക് വാങ്ങുന്നു. വിദേശരാജ്യങ്ങളിലെ ഉന്നതപദവിയിലുള്ളവർ ഇന്ത്യയിൽ എത്തുമ്പോൾ അവർക്ക് യാത്ര ചെയ്യുന്നതിനായാണ് കാറുകൾ വാങ്ങുന്നത്.

ബെൻസിന്റെ ആഡംബര സെഡാനായ ഇ-ക്ലാസ് ശ്രേണിയില്പെട്ട 55 ഇ-250 സിഡിഐ ഡീസൽ കാറുകൾക്ക് കേന്ദ്ര സർക്കാറിൽ നിന്നും ഓർഡർ ലഭിച്ചതായി മേഴ്സിഡീസ് ബെൻസ് ഇന്ത്യ മാനേജിങ് ഡയറക്ടർ റോലണ്ട് ഫോൾഗർ അറിയിച്ചു. ഇന്ത്യ ഉൾപ്പടെ ലോകത്തെ നിരവധി രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ ബെൻസിന്റെ കാറുകളാണ് ഔദ്യോഗികമായി ഉപയോഗിക്കുന്നത്. അതിൽ തങ്ങൾ വളരെയധികം അഭിമാനം കൊള്ളുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇ-ക്ലാസ് കാറുകളെ തെരെഞ്ഞെടുത്തു കൊണ്ടുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം രാജ്യത്തെ ആഡംബര വാഹനവിപണിയിൽ ബെൻസിന് മുതൽക്കൂട്ടാണെന്നും ഫോൾഗർ അഭിപ്രായപ്പെട്ടു.

ഇതിനോടകം ഇ-ക്ലാസിന്റെ 30000 യൂണിറ്റുകളാണ് ബെൻസ് ഇന്ത്യയിൽ വിറ്റയിച്ചത്. കേന്ദ്ര സർക്കാറിന്റെ തീരുമാനവും ബെൻസിന്റെ മൊത്തം വിപണനത്തെ വർദ്ധിപ്പിക്കുമെന്നാണ് അവരുടെ വിശ്വാസം.

2015ൽ മികച്ച രീതിയിലാണ് ബെൻസിന്റെ വാഹനങ്ങൾ ഇന്ത്യയിൽ വിറ്റുപോയത്. ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കണക്കുകളനുസരിച്ച് 10,079 കാറുകളാണ് ബെൻസ് ഇന്ത്യയിൽ വിറ്റത്. അതിനാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 34 ശതമാനം വർധനവാണ് ഇന്ത്യൻ ആഡംബര കാർ വിപണിയിൽ മേഴ്സിഡീസ് ബെൻസ് കൈവരിച്ചത്.