അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ഡയറക്ടറുടെ ഇ-മെയില്‍ ഹാക്ക് ചെയ്ത് നാല് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ അതീവ രഹസ്യവിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ തട്ടിയെടുത്തു

single-img
21 October 2015

CIA-Director-John-Brennan.jpg.image.784.410

ലോകരാജ്യങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്ന അേേരിക്കന്‍ ചാരസംഘടനയായ സി.ഐ.എയ്ക്ക് പിണികൊടുത്ത് നാല് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. സെന്‍ട്രല്‍ ഇന്റലിജന്റ്‌സ് ഏജന്‍സിയെന്ന സി.ഐ.എയുടെ ഡയറക്ടറുടെ സ്വകാര്യ ഇ-മെയില്‍ ഹാക്ക് ചെയ്ത് അതീവ രഹസ്യവിവരങ്ങള്‍ ഉള്‍പ്പെടെ തട്ടിയെടുത്താണ് വിദ്യാര്‍ത്ഥികള്‍ ഏജന്‍സിയെ മുള്‍മുനയില്‍ നിര്‍ത്തിയത്.

കുട്ടികള്‍ വിവരങ്ങള്‍ തട്ടുക മാത്രമല്ല ഇക്കാര്യം ഡയറക്ടറായ ജോണ്‍ ബ്രണ്ണനെ വിളിച്ചുപറയുകയും ചെയ്തു. ഇത് പുറത്താരുമറിയാതെ തീര്‍ക്കാന്‍ നിങ്ങള്‍ക്ക് ഞാന്‍ എത്ര രൂപ തരണമെന്ന് സിഐഎ ഡയറക്ടര്‍ തങ്ങളോട് ചോദിച്ചതായും കുട്ടികള്‍ പറഞ്ഞു. അമേരിക്കയുടെ വിദേശനയങ്ങളോടുള്ള പ്രതിഷേധമെന്ന നിലയിലാണ് ഇത് ചെയ്തതെന്നും പലസ്തീന് അമേരിക്ക പിന്തുണ പ്രഖ്യാപിക്കണമെന്നും ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടു. ഇന്റര്‍നെറ്റ് വഴിയുള്ള ഫോണ്‍കോളിലൂടെയാണ് ഇവര്‍ ആവശ്യം അറിയിച്ചത്.

ഒബാമയുടെ സര്‍ക്കാരില്‍ ആദ്യം സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കാലത്ത് ഹിലറി ക്ലിന്റണ്‍ ഔദ്യോഗികാവശ്യങ്ങള്‍ക്കു സ്വകാര്യ ഇ-മെയില്‍ ഉപയോഗിച്ചത് വലിയ വിവാദമായിരുന്നു. തന്റെ രഹസ്യ ഇടപാടുകളുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകാതിരിക്കാന്‍ വേണ്ടിയാണ് ഔദ്യോഗിക ഇ-മെയില്‍ ഒഴിവാക്കി സ്വകാര്യ ഇമെയില്‍ ഉപയോഗിച്ചതെന്നായിരുന്നു ആരോപണം. ഇതുസംബന്ധിച്ച വിശദീകരണം 22ന് ഹിലറി യുഎസ് കോണ്‍ഗ്രസില്‍ നടത്താനിരിക്കുമ്പോഴാണ് അടുത്ത ഇ-മെയില്‍ പ്രശ്‌നവുമായി സി.ഐ.എ തലവന്‍ കുഴിയില്‍ ചാടിയത്.

ഹാക്ക ചെയ്തവയില്‍ വൈറ്റ്ഹൗസിലെ ഔദ്യോഗിക ഇമെയിലില്‍ നിന്ന് അയച്ചപല മെയിലുകളും ബ്രണ്ണന്റെ ഫോണ്‍ കോണ്ടാക്ട് ലിസ്റ്റുമുണ്ട്. സിഐഎ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നടത്തിയ ഫോണ്‍കോളുകളുടെ വിവരങ്ങളുമുണ്ട്. ഹാക്കര്‍മാരെ പിടികൂടിയാല്‍ ക്രിമിനല്‍ കുറ്റം വരെ ചുമത്താവുന്ന വകുപ്പാണെന്നും പക്ഷേ ഇതോടൊപ്പം ബ്രണ്ണനും പല ചോദ്യങ്ങള്‍ക്കും മറുപടി പറയേണ്ടി വരുമെന്നും വിദഗ്ദര്‍ കരുതുന്നു.