തങ്ങള്‍ക്ക് വീടു തരാമെന്നു പറഞ്ഞ് പറ്റിച്ച തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ താല്‍ക്കാലിക കുടിലുകളില്‍ താമസിക്കുന്ന 300 കുടുംബങ്ങള്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ പൊട്ടിച്ചിരിച്ച് പ്രതിഷേധിച്ചു

single-img
21 October 2015

83_big

ചിരിച്ച് ചിരിച്ചൊരു പ്രതിഷേധം. തിരുവനന്തപുരം നഗരസഭയുടെ മണ്ണാമൂല ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്റെ വാഗ്ദാന ലംഘനത്തിനെതിരേ ചിരിച്ചു കൊണ്ടുള്ള പ്രതിഷേധം സെക്രട്ടേറിയേറ്റിന് മുന്നില്‍ കഴിഞ്ഞ ദിവസം നടന്നു. മണ്ണാമ്മൂല ഭവന പദ്ധതി വൈകുന്നെന്നും നടപ്പാക്കുന്നില്ലെന്നും ആരോപിച്ച് താല്‍ക്കാലിക കുടിലുകളില്‍ താമസിക്കുന്ന 300 കുടുംബങ്ങളാണ് സെക്രട്ടേറിയേറ്റിനു മുന്നില്‍ ചിരിപ്രതിഷേധം സംഘടിപ്പിച്ചത്.

”ഭൂമിയില്ലാത്ത പന്തിരുകുലത്തിന്റെ പൊട്ടിച്ചിരി” എന്ന ബാനറിന് കീഴില്‍ കേരള സംയുക്ത ഭൂസമര സമിതിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. മൂന്ന് മൂലയില്‍ 54 ദിവസത്തെ സമരത്തിന്റെ ഭാഗമായിട്ടായിരുന്നു ‘ചിരി പ്രതിഷേധം’. പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി എട്ടു വര്‍ഷം മുമ്പ് കൊണ്ടുവന്ന ആധുനിക വീടു പദ്ധതി തീരെ മുമ്പോട്ട് പോകാത്ത സാഹചര്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

പേരൂര്‍ക്കടമാന്നാ മൂലയ്ക്കിടയില്‍ ജിസി നഗറില്‍ എട്ടു വര്‍ഷം മുമ്പ് 50 ലക്ഷം രുപ മുടക്കി ഭൂമി ഏറ്റെടുത്തിരുന്നെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകാനായില്ലെന്നാണ് പ്രതിഷേധക്കാരുടെ വാദം. ചിരിച്ച് പ്രതിഷേധിക്കല്‍ മാത്രമല്ല, അധികാരികളുടെ മുഖം തിരിക്കലിനോട് തെരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കാനും ഇവര്‍ തീരുമാനിച്ചിരിക്കുകയാണ്.

പേരൂര്‍ക്കട, വലിയവിള, എടവക്കോട്, തുരുത്തുമൂല, കുടപ്പനക്കുന്ന് എന്നിവിടങ്ങളില്‍ പീപ്പിള്‍സ് ഡമോക്രാറ്റിക് ഫ്രണ്ടിന്റെ പിന്തുണയോടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ ഇവര്‍ നിര്‍ത്തിയിരിക്കുകയാണ്.