കൊയിലാണ്ടി സബ് ഇന്‍സ്‌പെക്ടറെ മര്‍ദ്ദിച്ച കേസില്‍ ഏഴു സിപിഎം പ്രവര്‍ത്തകര്‍ക്കു അഞ്ചുവര്‍ഷം തടവ്

single-img
21 October 2015

court

രണ്ടുവര്‍ഷം മുമ്പ് സോളാര്‍ വിഷയത്തില്‍ തിരുവനന്തപുരത്ത് എല്‍ഡിഎഫ് നേതാക്കളെ ലാത്തിച്ചാര്‍ജു ചെയ്തതില്‍ പ്രതിഷേധിച്ചു നടന്ന പ്രകടനത്തിനിടെ കൊയിലാണ്ടി പോലീസ് എസ്‌ഐയായിരുന്ന പി. ശശിധരനെയും പോലീസുകാരനെയും അക്രമിച്ച കേസില്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തരായ ഏഴു പേര്‍ക്ക് അഞ്ചുവര്‍ഷത്തെ തടവുശിക്ഷ.

പ്രതികള്‍ അയ്യായിരം രൂപ വീതം പിഴയടയ്ക്കണമെന്നും പിഴസംഖ്യയില്‍ നിന്നും ആയിരം രൂപ വീതം എസ്‌ഐക്കു നല്കണമെന്നും കേസ് പരിഗണിച്ച മാറാട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാറാണ് ഉത്തരവിട്ടത്. പിഴയടയ്ക്കാത്തപക്ഷം ഒരുമാസത്തെ അധികതടവ് അനുഭവിക്കണമെന്നും ഉത്തരവിലുണ്ട്.

2013 ജൂലൈ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. കൊയിലാണ്ടി ബസ് സ്റ്റാന്‍ഡിനു സമീപം വച്ച് എസ്‌ഐയെയും പോലീസുകാരനെയും അടിച്ചുപരിക്കേല്‍പിച്ചെന്നായിരുന്നു കേസ്. 11 പ്രതികളുണ്ടായിരുന്ന കേസില്‍ അണേല താഴേക്കുനി ലിജീഷ് എന്ന മണിക്കുട്ടന്‍, കോമത്തുകര നീലിക്കണ്ടി പ്രദീപ്കുമാര്‍, പുതിയപുരയില്‍ രാജീവന്‍, പന്തലായനി നടുവിലെ വെള്ളിലാട്ട് ജിതിന്‍ചന്ദ്രന്‍, കൊല്ലം പൂണാട്ടില്‍ സുബീഷ്, കാരയാട് പീപ്പഞ്ചേരി റിബിന്‍ കൃഷ്ണ, പന്തലായനി കൊട്ടിലാണ്ടി മീത്തല്‍ ഗോകുല്‍ചന്ദ്രന്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.