അഗളിയില്‍ ഫോട്ടോഗ്രാഫറെ വെടിവെച്ചത് പോലീസ്; അന്വേഷണം വേണമെന്ന് രൂപേഷ്

single-img
21 October 2015

roopesh_0പാലക്കാട്: അഗളിയില്‍ ഫോട്ടോഗ്രാഫര്‍ ബെന്നിയെ വെടിവെച്ചത് പോലീസാണെന്ന്‍ മാവോവാദി രൂപേഷ്. ജസ്റ്റിസ് കെ.ടി. തോമസിനെപ്പോലെയുള്ള ന്യായാധിപന്മാരെ ഉള്‍പ്പെടുത്തി ഇതേക്കുറിച്ച് നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് രൂപേഷ് പാലക്കാട് കോടതിപരിസരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും രൂപേഷ് പറഞ്ഞു.
മാവോവാദിപ്രവര്‍ത്തനം ഭീകരവാദമല്ലെന്നും അട്ടപ്പാടിയിലെ ശിശുമരണം ഭരണകൂട വിരുദ്ധതയാണെന്നും രൂപേഷ് ആരോപിച്ചു.   രൂപേഷിനെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കി. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കനത്തസുരക്ഷയിലാണ് കോടതിയില്‍ കൊണ്ടുവന്നത്.

2014 ജനവരി മൂന്നിന് മല്ലീശ്വരന്‍ ക്ഷേത്രത്തിലെ ഉത്സവത്തെക്കുറിച്ചും ആദിവാസി ഊരിലേക്കുള്ള വഴിയെക്കുറിച്ചും അന്വേഷിച്ച് മേലെ ആനവായ് ഊരിലെ കെ. ദൊരെരാജിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.

രൂപേഷിനെ പത്തുദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്ന അഗളി പോലീസിന്റെ അപേക്ഷ ബുധനാഴ്ച പരിഗണിക്കും. രൂപേഷടക്കം 11 പേരുടെ പേരിലാണ് കേസെടുത്തത്. രൂപേഷിന് വൈദ്യസഹായം നല്‍കണമെന്ന് പാലക്കാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി  നിര്‍ദേശിച്ചു. രൂപേഷിനെ പാലക്കാട് സ്‌പെഷല്‍ ജയിലിലേക്ക് മാറ്റി.