ആടുകളെയും കോഴികളെയും കൊന്ന നായ്ക്കൂട്ടത്തെ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പോലീസ് സ്‌റ്റേഷനു മുന്നില്‍ കെട്ടിയിട്ടു; ഇരുമ്പുകമ്പി കൊണ്ട് കെട്ടിയതുമൂലം നായ്ക്കളുടെ കഴുത്തില്‍ മുറിവേറ്റതിനാല്‍ ചിറ്റിലപ്പിള്ളിക്കെതിരെ പോലീസ് കേസെടുത്തു

single-img
20 October 2015

1445284700_e2010k

ഇടക്കൊച്ചിയില്‍ ആടുകളെയും കോഴികളെയും കൊന്ന നായ്ക്കൂട്ടത്തെ പോലീസ് സ്‌റ്റേഷനു മുന്നില്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, ജോസ് മാവേലി, സേവ്യര്‍ ജോസഫ് കളപ്പുരയ്ക്കല്‍ തുടങ്ങിയവര്‍ കെട്ടിയിട്ടു. ഇരുമ്പുകമ്പി കൊണ്ട് കെട്ടിയതുമൂലം നായ്ക്കളുടെ കഴുത്തില്‍ മുറിവേറ്റതിനാല്‍ ചിറ്റിലപ്പിള്ളിക്കും സംഘത്തിനുമെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്.

ഇടക്കൊച്ചിയില്‍ സേവ്യര്‍ ജോസഫ് കളപ്പുരയ്ക്കലിന്റെ വീട്ടിലെ ആടുകളെയും കോഴികളെയും താറാവുകളെയും കഴിഞ്ഞ ദിവസം നായ്ക്കള്‍ കടിച്ചുകൊന്നിരുന്നു. നാട്ടുകാര്‍ പിറ്റേന്ന് ഏതാനും നായ്ക്കളെ പിടികൂടി. ഇവയെ വന്ധ്യംകരണത്തിനായി കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ എത്തിയ മൃഗക്ഷേമ സംഘടനാ പ്രവര്‍ത്തകര്‍ വന്ധ്യംകരണം നടത്താത്തവയെ കൂട്ടിക്കൊണ്ടുപോയി. വന്ധ്യംകരണം നടത്തിയ നാല് നായ്ക്കളെയാണ് ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷനു മുന്നില്‍ കെട്ടിയിട്ടത്.

സാധാരണക്കാരുടെ ജീവന് ഭീഷണിയാകുന്ന നായ്ക്കളെ കൊല്ലാനോ നിയന്ത്രിക്കാനോ നിയമപാലകര്‍ തയ്യാറാകാത്തതിനെതിരെയായിരുന്നു ചിറ്റിലപ്പിള്ളിയുടേയും കൂട്ടരുടേയും പ്രതിഷേധം.

എന്നാല്‍ സ്‌റ്റേഷനു മുന്നില്‍ നായ്ക്കളെ കെട്ടിയിട്ടതിനും കഴുത്തില്‍ ഇരുമ്പുകമ്പി കെട്ടിക്കൊണ്ടുവന്നതിനും ചിറ്റിലപ്പിള്ളി, ജോസ് മാവേലി, സേവ്യര്‍ ജോസഫ് എന്നിവരടക്കം പത്തോളം പേര്‍ക്കെതിരേ പോലീസ് കേകെസടുത്തിരിക്കുകയാണ്. ഇരുമ്പുകമ്പി കൊണ്ട് കെട്ടിയതുമൂലം കഴുത്തില്‍ മുറിവേറ്റ് നായ്ക്കള്‍ക്കു ചികില്‍സ നല്‍കിയെന്നും പള്ളുരുത്തി എസ്.ഐ. ബിബിന്‍ പറഞ്ഞു.