മോദി പിടിവാശി മതിയാക്കി ഒന്നായി പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം: കെജ്രിവാളിന്റെ ട്വിറ്റര്‍ സന്ദേശം

single-img
20 October 2015

Kejariwal

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉപദേശിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പുതിയ ട്വിറ്റര്‍ സന്ദേശം. മോദി പിടിവാശി ഒഴിവാക്കണമെന്നും ഒന്നായി പ്രവര്‍ത്തിക്കണമെന്നുമായിരുന്നു പോസ്റ്റ്. കൂടാതെ ലോ ആന്‍ട് ഓര്‍ഡറിന്റെ പൂര്‍ണ്ണ നിയന്ത്രണം ദില്ലി സര്‍ക്കാറിന് കൈമാറണമെന്നും അദ്ദേഹം ട്വിറ്റര്‍ പോസ്റ്റില്‍ ആവശ്യപ്പെട്ടു.

ദില്ലിയിലെ ആഭ്യന്തര കാര്യങ്ങളില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഒഴിവാക്കണമെന്നും തലസ്ഥാന നിയന്ത്രണം ദില്ലി സര്‍ക്കാറിനെ ഏല്‍പ്പിക്കണമെന്ന ആവശ്യത്തോടെ നിരവധി കത്തുകള്‍ കെജ്രിവാള്‍ മോദിയ്ക്ക് അയച്ചിരുന്നു. എന്നാല്‍ ഈ പ്രശ്‌നത്തില്‍ നടപടികളൊന്നും ഇല്ലാതിരുന്ന സാഹചര്യത്തിലാണ് കെജ്രിവാള്‍ ട്വിറ്ററിലൂടെ ആവശ്യം ഉന്നയിച്ചത്.

പിടിവാശി ഒഴിവാക്കി ഇനി ഒന്നായി പ്രവര്‍ത്തിക്കണമെന്നും ആന്റി കറപ്ഷന്‍ ബ്യൂറോയുടേയും ദില്ലി പോലീസിന്റെയും നിയന്ത്രണം ദില്ലി സര്‍ക്കാറിന് നല്‍കണമെന്നും സന്ദേശത്തില്‍ പറയുന്നു. ഒരു വര്‍ഷത്തിനകം കാര്യങ്ങളെല്ലാം നല്ലരീതിയില്‍ മാറ്റുമെന്നും കെജ്രിവാള്‍ പോസ്റ്റില്‍ പറഞ്ഞു.
ഈയിടെ നടന്ന സി.എം.എസ് സര്‍വ്വേയില്‍ ദില്ലി സര്‍ക്കാറില്‍ അഴിമതി കുറവാണെന്നും എന്നല്‍ ദില്ലി പോലീസില്‍ അഴിമതി വര്‍ധിച്ചതായി കണ്ടെത്തിയതായും കെജ്രിവാള്‍ ചൂണ്ടിക്കാട്ടി.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ആം ആദ്മി പാര്‍ട്ടി ദില്ലിയില്‍ ഭരണമേറ്റിരുന്നു. എന്നാല്‍ ലോ ആന്‍ട് ഓര്‍ഡര്‍ തുടങ്ങിയ നിര്‍ണ്ണായക പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം മോദി സര്‍ക്കാര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നദീം ജങിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.