ശബരിമല മുന്‍ മേല്‍ശാന്തിയുടെ മകന്‍ പായിപ്ര പഞ്ചായത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി

single-img
20 October 2015

Vijesh

ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി ശബരിമല മുന്‍ മേല്‍ശാന്തിയുടെ മകന്‍ മത്സരിക്കുന്നു. ശബരിമലയിലും മാളികപ്പുറത്തും മേല്‍ശാന്തിയായിരുന്ന മൂവാറ്റുപുഴ തൃക്കളത്തൂര്‍ സ്വദേശി എ.ആര്‍. രാമന്‍ നമ്പൂതിരിയുടെ മകനും നാവികസേനാ മുന്‍ ഉദ്യോഗസ്ഥനുമായ വിജേഷ് കുമാറാണ് സി.പി.ഐയുടെ രംഗത്തുള്ളത്. വിജേഷിന്റെ പിതാവ് എ.ആര്‍. രാമന്‍ നമ്പൂതിരി 1998 ല്‍ മാളികപ്പുറത്തും 2001 ല്‍ ശബരിമലയിലും മേല്‍ശാന്തിയായിരുന്നു.

എറണാകുളം ജില്ലയിലെ പായിപ്ര പഞ്ചായത്ത് വാര്‍ഡ് 21ലാണ് അരിവാള്‍ നെല്‍ക്കതിര്‍ അടയാളത്തില്‍ വിജേഷ് കുമാര്‍ ജനവിധി തേടുന്നത്. എസ്.എന്‍.ഡി.പി- ബി.ജെ.പി സഖ്യത്തിന്റെ ഭൂരിപക്ഷ സമുദായ ഐക്യത്തിന് മറുപടിയുമായാണ് ഇടതുപക്ഷം ബാഹ്മണ കുടുംബാംഗമായ വിജേഷ്‌കുമാറിന്റെ സ്ഥാനാര്‍ഥിത്വത്തെ ചൂണ്ടിക്കാണിക്കുന്നത്.

ഇവിടെ കോണ്‍ഗ്രസിനും ബി.ജെ.പിക്കും സ്ഥാനാര്‍ഥികളുണ്ട്. ഐരാപുരം കോളജിലും മൂവാറ്റുപുഴ നിര്‍മ്മലാ കോളജിലും പഠനകാലത്ത് കലാപ്രതിഭയായിരുന്നു വിജേഷ്‌കുമാര്‍. പെരുമ്പാവൂര്‍ ഐരാപുരം ശ്രീശങ്കരാ കോളജില്‍ ഒന്നാംവര്‍ഷ ഗണിതശാസ്ത്ര ബിരുദ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് വിജേഷ് കുമാറിന് നാവികസേനയില്‍ ജോലി ലഭിച്ചത്. വിദ്യാഭ്യാസകാലത്ത് ഇടതുവിദ്യാര്‍ഥി സംഘടനയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നയാളായിരുന്നു.

നാവികസേനയില്‍ 15 വര്‍ഷത്തെ സേവനത്തിനുശേഷം അഞ്ചുമാസം മുമ്പാണ് പെറ്റി ഓഫീസറായി വിജേഷ്‌കുമാര്‍ വിരമിച്ചത്. ദേശീയ ആരോഗ്യമിഷനില്‍ ഉദ്യോഗസ്ഥയായ താരാ നമ്പൂതിരിയാണ് ഭാര്യ. ഉഷാ രാമന്‍ നമ്പൂതിരിയാണ് മാതാവ്. രണ്ടാംക്ലാസ് വിദ്യാര്‍ഥിയായ വേദവിത്, എല്‍.കെ.ജി. വിദ്യാര്‍ഥിയായ വേദമിത്ര് എന്നിവര്‍ മക്കളും.