സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് പുനരന്വേഷണം ആവശ്യപ്പെട്ട് സഹോദരിയും അമ്മയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കി

single-img
20 October 2015

SWAMY_shashതിരുവനന്തപുരം:  സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് പുനരന്വേഷണം ആവശ്യപ്പെട്ട് സഹോദരിയും അമ്മയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കി.  എന്നാല്‍ ശാശ്വതീകാനന്ദയുടെ മരണത്തില്‍ പുനരന്വേഷണത്തിന് ആഭ്യന്തരവകുപ്പിന്റെ സത്യവാങ്മൂലം തടസ്സമാകുമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.

സാധ്യമായ എല്ലാ അന്വേഷണവും നടത്തിയതായി അന്നത്തെ പോലീസ് മേധാവിയായിരുന്ന ഹോര്‍മിസ് തരകന്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. സ്വാമി ശാശ്വതീകാനന്ദയുടെ അമ്മയും സഹോദരങ്ങളും2006 ല്‍ നല്‍കിയ പരാതി പരിഗണിക്കവെയാണ് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഇനിയൊരു അന്വേഷണവും ആവശ്യമില്ലെന്നായിരുന്നു സര്‍ക്കാര്‍ വ്യക്തമാക്കിയത്.

സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലുകളാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. സ്വാമിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചവരില്‍ നിന്നെല്ലാം വീണ്ടും മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നു.

മുമ്പ് ബിജു രമേശില്‍നിന്നും ശാശ്വതികാനന്ദയുടെ സഹോദരങ്ങളില്‍നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നു. അന്നത്തേതില്‍നിന്ന് വ്യത്യസ്തമായ പുതിയ വെളിപ്പെടുത്തലുകളുണ്ടോയെന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കും. അങ്ങനെയുണ്ടെങ്കിലേ തുടരന്വേഷണത്തിന് ശുപാര്‍ശ ചെയ്യൂ. ശാശ്വതികാനന്ദയുടെ മരണത്തില്‍ മൂന്ന് അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തിയത്. മൂന്നിലും മുങ്ങിമരണമെന്നാണ് കണ്ടെത്തല്‍.