വരള്‍ച്ചകൊണ്ട് അണക്കെട്ടിനുള്ളിലെ വെള്ളം താഴ്ന്നു; തടാകത്തില്‍ പ്രത്യക്ഷപ്പെട്ടത് പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പള്ളി

single-img
19 October 2015

Mexico Palli

മെക്‌സിക്കോയില്‍ വരള്‍ച്ചകൊണ്ട് അണക്കെട്ടിനുള്ളിലെ വെള്ളം താഴ്ന്നപ്പോള്‍ തടാകത്തില്‍ പ്രത്യക്ഷപ്പെട്ടത് പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പള്ളി. മെക്‌സിക്കോയിലെ ചിയാപാസ് മേഖലയിലുള്ള മാല്‍പാസോ റിസര്‍വ്വോയറിലാണ് പള്ളി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘ടെമ്പിള്‍ ഓഫ് സാന്റിയാഗോ’ എന്നാണ് ഈ പള്ളി അറിയപ്പെടുന്നത്.

ഈ പള്ളിയുടെ നിര്‍മ്മാണം പതിനാറാം നൂറ്റാണ്ടിലായിരുന്നു. അണക്കെട്ട് നിര്‍മിച്ചപ്പോള്‍ പണിത പള്ളിയുടെ അവശിഷ്ടം റിസര്‍വ്വോയറിനുള്ളിലാവുകയായിരുന്നു. 1966ലാണ് അണക്കെട്ട് പണിപൂര്‍ത്തിയാക്കിയത്. അതിനു ശേഷം രണ്ടാം തവണയാണ് പള്ളി ഇപ്പോള്‍ ജലനിരപ്പിന് മീതെ പ്രത്യക്ഷമാകുന്നത്. ഇതിനുമുമ്പ് 2002ലാണ് പള്ളി പ്രത്യക്ഷപ്പെട്ടത്. 2002ല്‍ പള്ളിയില്‍ പ്രവേശിക്കാനാകും വിധം ജലനിരപ്പ് താഴ്ന്നിരുന്നു.

കടുത്ത വരള്‍ച്ചയായിരുന്നു ഈ വര്‍ഷം മെക്‌സിക്കോയിലുള്ളത്. അതുകാരണമാണ് അണക്കെട്ട് സ്ഥിതിചെയ്യുന്ന ഗ്രിജാല്‍വ നദിയിലെ വെള്ളം വറ്റിയതാണ് മാല്‍പാസോ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴാന്‍ കാരണമായത്. അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോള്‍ 25 മീറ്ററിലേറെ താഴ്ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പള്ളിയുടെ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരം ലഭിച്ചതോടെ കൗതുകക്കാഴ്ച കാണാന്‍ ഡാമിലേക്ക് ആളുകളുടെ പ്രവാഹമാണ് ഇപ്പോള്‍.