യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രിക്കു വേണ്ടി റോഡ് നന്നാക്കുന്നത് നാട്ടുകാര്‍ തടഞ്ഞു

single-img
19 October 2015

Road Pani

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം തിങ്കളാഴ്ച കാസര്‍ഗോഡ് ഉപ്പളയിലെത്തുന്ന മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് വേണ്ടി ദേശീയ പാതയില്‍ നടത്തിയ നന്നാക്കല്‍ കുമ്പള ഉപ്പള എന്‍.എച്ച്. ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരും, നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു. ഒരു വര്‍ഷത്തിലേറെ നാട്ടുകാര്‍ അനുഭവിച്ച കഷ്ടതകള്‍ ഒരിക്കലെങ്കിലും മുഖ്യമന്ത്രി അനുഭവിച്ചറിയട്ടെ എന്നാവശ്യഎപ്പെട്ടായിരുന്നു നാട്ടുകാര്‍ റോഡ് പണി തടഞ്ഞത്.

കുമ്പള ഉപ്പള ദേശീയപാതയില്‍ ആരിക്കാടിയിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ സംഭവങ്ങളുടെ തുടക്കം. ഒരു വര്‍ഷത്തിലേറെയായി തകര്‍ന്നില്ലാതായകുമ്പള ഉപ്പള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ മാസങ്ങളായി ജനരോഷം ഉയരുന്നുണ്ടായിരുന്നു. എന്നാല്‍ നാളിതുവരെയും റോഡിന്റെ നിര്‍മ്മാണത്തിനോ അറ്റകുറ്റ പണികള്‍ക്കോ വേണ്ട നടപടി അധികൃതരില്‍ നിന്നും ഉണ്ടായിരുന്നില്ല.

പക്ഷേ അവധി ദിനമായിട്ടും ഞായറാഴ്ച ബന്ധപ്പെട്ട എഞ്ചിനീയര്‍മാര്‍ പോലുമില്ലാതെ റോഡില്‍ തിരക്കിട്ട് പണികള്‍ നടക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ സംശയം കൊണ്ട് ജോലി ചെയ്യുന്നവരോട് അന്വേഷിച്ചപ്പോഴാണ് മുഖ്യമന്ത്രിക്കായി റോഡ് ശരിയാക്കുന്നുവെന്ന വസ്തുത മനസ്സിലായത്. ിതിനെത്തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് റോഡ്പണി തടയുകയായിരുന്നു.

ജോലിക്കാര്‍ ഇരുപതോളം മീറ്റര്‍ മെറ്റലുകളും പൊടിയും കുഴച്ച് റോഡില്‍ നിരത്തിയത് നാട്ടുകാര്‍ ജെ.സി.ബി ഉപയോഗിച്ച് തിരിച്ചെടുപ്പിക്കുകയും ചെയ്തു. കുമ്പള എസ്.ഐ. അനൂബ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ വഴങ്ങിയില്ല. ജോലിക്കാര്‍ മുഴുവന്‍ പണികളും നിര്‍ത്തിവെച്ചതിന്ന് ശേഷമാണ് നാട്ടുകാര്‍ പിരിഞ്ഞത്.