ആക്രമണകാരികളായ നായ്ക്കളെ കൊല്ലാമെന്ന ഹൈക്കോടതി വിധി മറികടന്ന്, തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പറയാന്‍ ഡി.ജി.പിക്ക് എന്തവകാശമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍

single-img
19 October 2015

dogs

ആക്രമണകാരികളായ നായ്ക്കളെ കൊല്ലാമെന്ന ഹൈക്കോടതി വിധി മറികടന്ന്, തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പറയാന്‍ ഡി.ജി.പിക്ക് എന്തവകാശമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന സര്‍ക്കുലര്‍ ഇറക്കിയതിനെ കുറിച്ച് വിശദീകരണം നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

തെരുവുനായ വിമുക്ത പ്രസ്ഥാനത്തിനുവേണ്ടി ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. നവംബര്‍ 30 നകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി.കോശി നിര്‍ദ്ദേശിച്ചു. കേസ് ഡിസംബര്‍ ഏഴിന് പരിഗണിക്കും.

തെരുവുനായ്ക്കള്‍ പെരുകുന്നത് ഭരണാധികാരികളുടെ അനാസ്ഥകാരണമാണെന്ന് ജസ്റ്റിസ് ജെ.ബി.കോശി പറഞ്ഞു. കാറുകളില്‍ സഞ്ചരിക്കുകയും ചുറ്റുമതിലുള്ള മാളികകളില്‍ താമസിക്കുകയും ചെയ്യുന്ന പണക്കാരുടെ കുട്ടികളെ പോലയല്ല നടന്ന് അംഗന്‍വാടിയില്‍ പോകുന്ന സാധാരണക്കാരന്റെ മക്കളെന്നും വാഹനങ്ങളില്‍ കുട്ടികളെ പ്ലേ സ്‌കൂളില്‍ അയക്കാന്‍ കഴിവില്ലാത്തവരാണ് അങ്കണവാടിയിലേക്ക് അയക്കുന്നതെന്നും കമ്മീഷന്‍ സൂചിപ്പിച്ചു.

നായ്ക്കളെ പേടിക്കാതെ അങ്കണവാടിയില്‍ പോലും കുട്ടികള്‍ക്ക് കഴിയാനാവുന്നില്ല എന്നുള്ളത് ഭീകരമായ അവസ്ഥയാണെന്നും കമ്മീഷന്‍ പറഞ്ഞു. അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ പരാതിയില്‍ സംസ്ഥാന പോലീസ് മേധാവി എങ്ങനെയാണ് സര്‍ക്കുലര്‍ അയച്ചതെന്ന് വ്യക്തമാക്കണമെന്നും കമ്മീഷന്‍ സൂചിപ്പിച്ചു.