മലബാര്‍ മേഖലയില്‍ പാചകവാതക ടാങ്കര്‍ അപകടത്തില്‍പെടുമ്പോള്‍ ഇന്ധനം മാറ്റി നിറയ്ക്കാനുള്ള പാചകവാതക രക്ഷാവാഹനം കളക്ടര്‍ പ്രശാന്തിന്റെ ഇടപെടലിനെ തുടര്‍ന്ന് കേരളത്തിലെത്തി

single-img
19 October 2015

Prasanthan

മലബാര്‍ ഖേലയില്‍ പാചകവാതക ടാങ്കര്‍ അപകടത്തില്‍പെടുമ്പോള്‍ ഇന്ധനം മാറ്റി നിറയ്ക്കാനുള്ള പാചകവാതക രക്ഷാവാഹനം കളക്ടര്‍ പ്രശാന്തിന്റെ ഇടപെടലിനെ തുടര്‍ന്ന് കേരളത്തിലെത്തി. വാഹനം ലഭ്യമാക്കണമെന്ന നിര്‍ദേശം പാലിക്കാത്തതിനാല്‍ കോഴിക്കോട് കലക്ടര്‍ എന്‍. പ്രശാന്ത് ഐഒസി ഉള്‍പ്പെടെയുള്ള എണ്ണക്കമ്പനികളുടെ അധികൃതര്‍ക്ക് സമന്‍സ് അയച്ചതിനെത്തുടര്‍ന്നാണു തീരുമാനം.

മലബാറിലെ ജില്ലകളില്‍ ടാങ്കര്‍ അപകടങ്ങളുണ്ടാകുമ്പോള്‍ ഇന്ധനം മാറ്റി നിറയ്ക്കാന്‍ മംഗളൂരുവില്‍ നിന്നോ, കോയമ്പത്തൂരില്‍ നിന്നോ ആണു വാഹനം എത്തിക്കുന്നത്. ഐഒസിയുടെ രേഖാമൂലമുള്ള ഉറപ്പിനെത്തുടര്‍ന്ന് വാഹനം ഇന്നലെത്തന്നെ ചേളാരി ഐഒസി പ്ലാന്റില്‍ എത്തിച്ചു. 20 പേര്‍ കൊല്ലപ്പെട്ട ചാല പാചകവാതക ടാങ്കര്‍ അപകടം നടന്നപ്പോഴും എമര്‍ജന്‍സി റെസ്‌പോണ്‍സ് വെഹിക്കിള്‍ എത്തിച്ചത് മംഗളൂരുവില്‍ നിന്നാണ്.

വടകരയില്‍ കഴിഞ്ഞയാഴ്ച പാചക വാതക ടാങ്കര്‍ അപകടത്തില്‍പെട്ട പശ്ചാത്തലത്തിലാണ് കലക്ടര്‍ എന്‍. പ്രശാന്ത് അടിയന്തര സുരക്ഷയ്ക്കു വാഹനം ലഭ്യമാക്കണമെന്നു എണ്ണക്കമ്പനി അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയത്. ടാങ്കര്‍ അപകടത്തില്‍പെട്ട് വാതകച്ചോര്‍ച്ചയുണ്ടാകുമ്പോള്‍, ടാങ്കറിലെ വാതകം മറ്റൊരു വാഹനത്തിലേക്കു മാറ്റുന്നതിനാണ് എമര്‍ജന്‍സി റെസ്‌പോണ്‍സ് വെഹിക്കിള്‍ ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ വാതകം മാറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ വന്‍ ദുരന്തമായിരിക്കും ഉണ്ടാകുന്നത്.

കളക്ടറുടെ വാഹനം ലഭ്യമാക്കണമെന്ന നിര്‍ദേശം എണ്ണക്കമ്പനികള്‍ അവഗണിച്ചതിനെ തുടര്‍ന്ന് എക്‌സിക്യുട്ടീവ് മജിസ്‌ട്രേട്ട് എന്ന നിലയ്ക്കുള്ള അധികാരം ഉപയോഗിച്ച് കളക്ടര്‍ കമ്പനി അധികൃതരെ വിളിച്ചുവരുത്താന്‍ സമന്‍സ് അയക്കുടയായിരുന്നു. കളക്ടര്‍ കൂടുതല്‍ ഗൗരവതരമായ നടപടികളിലേക്കു കടക്കുമെന്ന് മനസ്സിലാക്കിയാണ് ഐ.ഒ.സി വാഹനം എത്തിച്ചത്.