ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പരാമര്‍ശത്തില്‍ വ്യത്യസ്ത നിലപാടുമായി സി.പി.എം നേതാക്കള്‍

single-img
19 October 2015

pinarayi-vijayanചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പരാമര്‍ശത്തില്‍ വ്യത്യസ്ത നിലപാടുമായി സി.പി.എം നേതാക്കള്‍. ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് സ്ത്രീ വിരുദ്ധമല്ലെന്ന്  പിണറായി വിജയന്‍. ചെറിയാന്‍ ഫിലിപ്പ് പറഞ്ഞത് കോണ്‍ഗ്രസിലെ സംസ്‌കാരമാണ്. അത് അദ്ദേഹത്തിന്റെ അനുഭവം ആയിരിക്കുമെന്നാണ് പിണറായി വിജയന്‍ വ്യക്തമാക്കിയത്. ഇത്തരത്തില്‍ ഇട്ട പോസ്റ്റില്‍ ചെറിയാന്‍ ഫിലിപ്പ് സ്ത്രീകളെ അപമാനിച്ചിട്ടില്ല. സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പോസ്റ്റിലെ പരാമര്‍ശം ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. പ്രസ്താവന പിന്‍വലിക്കണമെന്നും രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന സ്ത്രീകള്‍ക്ക് നേരെ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്നും അവര്‍ വ്യക്തമാക്കി. നേരത്തെ വി.എസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും പോസ്റ്റനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.

ചെറിയാന്‍ ഫിലിപ്പ് ആട്ടിന്‍തോലിട്ട ചെന്നായയെന്ന് സി.പി.ഐ നേതാവ് ആനി രാജ. ചെറിയാന്‍ ഫിലിപ്പിന്റെ പരാമര്‍ശം സ്ത്രീകളെ അങ്ങേയറ്റം അപമാനിക്കുന്നതാണ്. പരമാര്‍ശമം പിന്‍വലിച്ച് നിരുപാധികം മാപ്പു പറയണം. സി.പി.എം നേതൃത്വം ഇക്കാര്യത്തില്‍ ഇടപെടണമെന്നും ആനി രാജ പറഞ്ഞു.

നേരത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷര്‍ട്ടഴിച്ച് പ്രകടനം നടത്തിയത് മാതൃകാപരമാണെന്നും, കോണ്‍ഗ്രസില്‍ രഹസ്യമായി ഇങ്ങനെയുളള പരിപാടികള്‍ നടത്തിയ വനിതകള്‍ക്കും സീറ്റ് കിട്ടിയിട്ടുണ്ടെന്ന പരാമര്‍ശം ആയിരുന്നു ഫേസ്ബുക്കിലൂടെ ചെറിയാന്‍ ഫിലിപ്പ് നേരത്തെ നടത്തിയത്. ഇതിനെ തുടര്‍ന്ന് ചെറിയാന്‍ ഫിലിപ്പിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു.