അട്ടപ്പാടിയിലെ കടുകുമണ്ണയില്‍ മാവോയിസ്റ്റുകള്‍ ഉപയോഗിച്ച വെടിയുണ്ടകള്‍ പൊലീസിനു ലഭിച്ചു

single-img
19 October 2015

maoപാലക്കാട്: അട്ടപ്പാടിയിലെ കടുകുമണ്ണയില്‍ മാവോയിസ്റ്റുകള്‍ ഉപയോഗിച്ച വെടിയുണ്ടകള്‍ പൊലീസിനു ലഭിച്ചു.  ബോംബ്, ഫൊറന്‍സിക് സ്‌ക്വാഡുകള്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കോഴിക്കോടു നിന്നുളള നക്‌സല്‍ വിരുദ്ധസേനയും തണ്ടര്‍ബോള്‍ട്ടും വനമേഖലയില്‍ ക്യാംപ് ചെയ്യുന്നുണ്ട്. അതേസമയം  സംഭവത്തില്‍ യുഎപിഎ ചുമത്തിയ സാഹചര്യത്തില്‍ പൊലീസ് എന്‍ഐഎയ്ക്ക് റിപ്പോര്‍ട്ട് നല്‍കും.  മാവോയിസ്റ്റുകളില്‍ പ്രധാനിയായ വയനാട് സ്വദേശി സോമനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്കു രണ്ടു ലക്ഷം രൂപയാണു പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.

രൂപേഷിനു ശേഷം രണ്ടാംവിഭാഗത്തിലുളള മാവോയിസ്റ്റുകളുടെ പട്ടികയിലാണ് വയനാട് സ്വദേശി സോമന്‍ ഉള്‍പ്പെടുന്നത്.  കഴിഞ്ഞദിവസം കടുകുമണ്ണ കുറുക്കത്തിക്കല്ലില്‍ പൊലീസിനുനേരെ നിറയൊഴിച്ച അഞ്ചംഗ മാവോയിസ്റ്റുകളില്‍ പ്രധാനിയാണ് സോമന്‍.

മാവോയിസ്റ്റുകള്‍ക്കായി സായുധസേനയുടെ നേതൃത്വത്തില്‍ അട്ടപ്പാടി വനമേഖലയില്‍ നിരീക്ഷണം തുടരുകയാണ്. മാവോയിസ്റ്റുകള്‍ ഉപയോഗിച്ച രണ്ട് വെടിയുണ്ടകള്‍ പൊലീസിന് ലഭിച്ചു.

കടുകുമണ്ണയിലെ വെടിവെയ്പ് കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടുന്ന അഞ്ചംഗ മാവോയിസ്റ്റുകള്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധ നിയമപ്രകാരം അഗളി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.