പശു വിവാദത്തെ തുടര്‍ന്ന്‍ ആക്രമണം; പരിക്കേറ്റയാള്‍ മരിച്ചു; കശ്മീരില്‍ കര്‍ഫ്യു

single-img
19 October 2015

kashശ്രീനഗര്‍: കശ്മീരില്‍ മൂന്ന് പശുക്കളുടെ ജഡം കണ്ടെത്തിയതുമായി ബന്ധപ്പെട്ടുണ്ടായ അക്രമത്തില്‍ പരിക്കേറ്റയാള്‍ മരിച്ചതിനു പിന്നാലെ സംഘര്‍ഷം.  ഉധംപുരില്‍ 10 ദിവസം മുമ്പാണ് സംഭവം നടന്നത്. ഇതില്‍ പ്രതിഷേധിച്ച് കശ്മീരില്‍ ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. അധികൃതര്‍ മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

പെട്രോള്‍ ബോംബേറില്‍ പൊള്ളലേറ്റ പതിനാറുകാരന്‍ സാഹിദ് അഹമ്മദാണ് ഞായറാഴ്ച മരിച്ചത്. ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ രാവിലെ 11.30നായിരുന്നു അന്ത്യം.

സാഹിദിന്റെ മരണവാര്‍ത്തയറിഞ്ഞ് കശ്മീരില്‍ പലയിടത്തും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. ജന്‍മനാടായ അനന്ത്‌നാഗില്‍ പ്രക്ഷോഭകര്‍ തെരുവിലിറങ്ങി. ഇവരെ പിരിച്ചുവിടാനെത്തിയ സുരക്ഷാഉദ്യോഗസ്ഥര്‍ക്കുനേരെ കല്ലെറിഞ്ഞു.

പശുവിന്റെ ജഡം കണ്ടതിന്റെ പേരില്‍ ഹിന്ദുസംഘടനകള്‍ ഒക്ടോബര്‍ ഒമ്പതിന് ആഹ്വാനംചെയ്ത  ബന്ദിനെത്തുടര്‍ന്ന് വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു  ട്രക്കിലേക്ക് ഒരുസംഘം പെട്രോള്‍ ബോംബെറിയുകയായിരുന്നു.

ട്രക്കിനുള്ളിലുണ്ടായിരുന്ന സാഹിദിനും ഡ്രൈവര്‍ ഷൗക്കത്ത് അഹമ്മദിനും പൊള്ളലേറ്റു. 74 ശതമാനം പൊള്ളലേറ്റ സാഹിദിനെ ചികിത്സയ്ക്കായി ഡല്‍ഹിയിലെത്തിച്ചു. ഷൗക്കത്തും ചികിത്സയിലാണ്.

സി.സി.ടി.വി. ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ അക്രമികളില്‍ 9 പേരെ പോലീസ് പിടികൂടി. സംഘര്‍ഷത്തിന് വഴിവെച്ച പശുക്കളുടെ മരണം ഭക്ഷ്യവിഷബാധമൂലമാണെന്ന് പിന്നീട് പരിശോധനയില്‍ തെളിഞ്ഞു. സംഘര്‍ഷമുണ്ടാക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്നാണ് പോലീസ് സംശയിക്കുന്നത്.