യു.ഡി.എഫ് സ്ഥാനാർഥിയുടെ വീട്ടിൽ കയറി സി.പി.എമ്മുകാരുടെ ഭീഷണി;അക്രമികൾ നാമനിര്‍ദേശ പത്രിക പിൻവലിക്കാനുള്ള ഫോറവുമായത്തെി അതിൽ ഒപ്പിടാൻ ഭീഷണിപ്പെടുത്തുകയായിരുന്നു

single-img
16 October 2015

241കണ്ണൂർ: തളിപ്പറമ്പ് നഗരസഭയിലെ കൂവോട് വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥിയായ കെ.രഞ്ജിത്തിന്റെ വീട്ടിൽ സി.പി.എമ്മുകാർ സംഘംചേർന്ന് അക്രമം നടത്തിയെന്ന് പരാതി. വ്യാഴാഴ്ച രാത്രി 10.35 ഓടെയായിരുന്നു സംഭവം. രഞ്ജിത്തിന്റെ വയോധികയായ മാതാവ് അടക്കമുള്ളവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. 25 ഓളം പേരാണ് സംഘത്തിലുണ്ടായിരുന്നത് എന്ന് രഞ്ജിത്ത് പറഞ്ഞു.

അക്രമികൾ നാമനിര്‍ദേശ പത്രിക പിൻവലിക്കാനുള്ള ഫോറവുമായത്തെി അതിൽ ഒപ്പിടാൻ ഭീഷണിപ്പെടുത്തുകയായിരുന്നു. ശബ്ദം കേട്ടത്തെിയ നാട്ടുകാർക്ക് നേരെ വടിവാൾ വീശിയാണ് സംഘം രക്ഷപ്പെട്ടത്. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്.

നേരത്തേ രഞ്ജിത്തിനെ നാമനിർദേശം ചെയ്ത എം.എസ്.എഫ് പ്രവർത്തകനെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നഗരസഭയിൽ ലീഗ്- സി.പി.എം പ്രവർത്തകർ തമ്മിൽ സംഘട്ടനം നടന്നിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയുടെ നാമനിർദേശ പത്രികയിൽ ഒപ്പിട്ടയാളെ തട്ടിക്കൊണ്ടു പോയെന്നാരോപിച്ചായിരുന്നു സംഘർഷം.

എന്നാല്‍ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് സി.പി.എം ഏരിയാ കമ്മിറ്റി അറിയിച്ചു.