കുട്ടികളിലെ ഉയർന്ന രക്തസമ്മർദ്ദം; അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

single-img
16 October 2015

ഉയർന്ന രക്തസമ്മർദ്ദം എന്നുള്ളത് മുതിർന്നവരിൽ മാത്രം കാണപ്പെടുന്ന രോഗമാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ കുട്ടികളിലും ഇത് കാണപ്പെടുന്നു എന്നതാണ് വാസ്തവം. കുട്ടികളിലെ അമിതവണ്ണമാണ് ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള പ്രധാനകാരണം. മാറിയ ആഹാരശൈലിതന്നെയാണ് ഇവിടെയും വില്ലൻ. കുടുംബത്തിൽ ഉയർന്ന രക്തസമ്മർദ്ദ ഉള്ളവരുണ്ടെങ്കിലും കുട്ടികളിലും അതിനുള്ള സാധ്യത ഏറുന്നു. കൊഴുപ്പ് കൂടിയതും ഉപ്പ് അതികമായതുമായ ഭക്ഷണം കുട്ടികളിൽ അമിതവണ്ണം ഉണ്ടാക്കുന്നു. അതോടോപ്പം വ്യായാമക്കുറവ്, ശാരീരിക അധ്വാനം വേണ്ട കളികളിൽ ഏർപ്പെടാതിരിക്കുക, ടി.വി., കമ്പ്യൂട്ടർ, വീഡിയൊ ഗെയിം എന്നിവയിൽ അടിമപ്പെടുക തുടങ്ങിയവ അമിതവണ്ണത്തിനും ഇതിനോടനുബന്ധിച്ച് ഉയർന്ന രക്തസമ്മർദ്ദത്തിനും കാരണമാകുന്നു.

മുതിർന്നവരിൽ രക്തസമ്മർദ്ദം നിർണ്ണയിക്കുന്ന അതേരീതിയിൽ തന്നെ കുട്ടികളിലും രക്തസമ്മർദ്ദം നിർണ്ണയിക്കാം. എന്നാൽ കുട്ടികളിൽ ഒരു ഡോക്ടറുടെ സേവനം ഉപയോഗപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

കുട്ടികളിൽ ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്ന് നിർണ്ണയിക്കപ്പെട്ടാൽ ഉടൻതന്നെ ഡോക്ടറുടെ നിർദ്ദേശങ്ങളനുസരിച്ച് ചികിത്സയും പ്രതിവിധിയും ചെയ്യേണ്ടതാണ്.

[quote arrow=”yes”]രക്തസമ്മർദ്ദം എങ്ങനെ നിയന്ത്രിക്കാം?[/quote]

  • കൊഴുപ്പ് കുറഞ്ഞ, മധുരം, ഉപ്പ്, എണ്ണ എന്നിവ അധികമില്ലാത്ത ഭക്ഷണക്രമം പാലിക്കുക. പച്ചക്കറികൾ, അരിയാഹാരങ്ങൾ, പഴവർഗ്ഗങ്ങൾ എന്നിവ ശീലമാക്കുക. കുട്ടിയുടെ പ്രായം, ദിനചര്യ എന്നിവ മനസ്സിലാക്കി ഒരു ഡയറ്റീഷ്യന്റെ സഹായത്താൽ ഭക്ഷണക്രമം തീരുമാനിക്കാവുന്നതാണ്.
  • സ്ഥിരമായ വ്യായാമം, ശാരീരിക അധ്വാനം വേണ്ടിവരുന്ന കളികൾ എന്നിവയ്ക്ക് സമയം കണ്ടെത്തുന്നത് വഴി അമിതവണ്ണം നിയന്ത്രിക്കാം.
  •  പുകയില രക്തസമ്മർദ്ദം കൂടുന്നതിന് കാരണമാണ്. അതിനാൽ കുട്ടികൾ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഒപ്പം പുകയിലയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുക. പുകയില ഉത്പന്നങ്ങളിൽ നിന്നുള്ള പുക കുട്ടികൾ ശ്വസിക്കാതിരിക്കാനും വീട്ടിൽ മുതിർന്നവർ പുകവലിക്കാതിരിക്കാനും ശ്രദ്ധിക്കുക.
  •  ഡോക്ടർ നിർദ്ദേശിക്കുന്ന വ്യയാമങ്ങളും ആഹാരക്രമവും പാലിച്ചിട്ടും രക്തസമ്മർദ്ദം കുറയാതെ വരികയാണെങ്കിൽ മാത്രം മരുന്നുകൾ നിർദ്ദേശിക്കപ്പെടാം.
  •  കുട്ടികളിലെ രക്തസമ്മർദ്ദം കൃത്യസമയത്ത് ചികിത്സിക്കാതിരൂന്നാൽ ഹൃദയസംബന്ധ രോഗങ്ങൾക്കും വൃക്കയുടെ തകരാറിനും മറ്റ് അനുമന്ധ രോഗങ്ങൾക്കും അത് കാരണമായേക്കാം.

[quote arrow=”yes”]ശ്രദ്ധിക്കേണ്ട ഘടകങ്ങൾ[/quote]

  •  ടി.വി., കമ്പ്യൂട്ടർ, വീഡിയൊ ഗെയിം എന്നിവയ്ക്കായി സമയം ചിലവഴിക്കുന്നത് കുറച്ച് ശാരീരിക അധ്വാനം വേണ്ടിവരുന്ന കളികൾക്കായി സമയം ചിലവഴിക്കുക.
  • കുട്ടികളുടെ ആരോഗ്യത്തിനായി പച്ചക്കറികളും പഴവർഗ്ഗങ്ങളും ധാന്യങ്ങളും ഉൾപ്പെടുന്ന ഭക്ഷണക്രമം പാലിക്കുക.
  • കഴിവതും വീട്ടിൽ പാകം ചെയ്ത ഭക്ഷണം തന്നെ നൽകുക.
  • ഡോക്ടറുടെ നിർദ്ദേശം കർശനമായും പാലിക്കുക.

[quote]കിംസ് ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ആണു ലേഖകൻ[/quote]