പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

single-img
16 October 2015

narendra modi in Dhanbad - PTI_0_0_0_0_0_0_0_0_0_0_0_0_0_0ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. 2012ലെ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമര്‍പ്പിച്ച വിവരങ്ങളില്‍ വിവാഹിതനാണെന്ന കാര്യം മറച്ചു വെച്ചെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. യാഥാര്‍ത്ഥ്യം മറച്ചുവെച്ച മോദിക്കെതിരെ നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. അഹമ്മദാബാദ് സ്വദേശിയായ നിഷാന്ത് വര്‍മ്മയാണ് ഹര്‍ജി നല്‍കിയത്.

ഹര്‍ജിയില്‍ കഴമ്പില്ലെന്ന് വിധിച്ചു സുപ്രീം കോടതി പൊതുവേദിയില്‍ ഭാര്യയുടെ പേര് വെളിപ്പെടുത്താത്തതിന്റെ പേരില്‍ ഒരാള്‍ക്കെതിരെ എങ്ങനെ നടപടി സ്വീകരിക്കാന്‍ സാധിക്കുമെന്നും  ചോദിച്ചു.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ താന്‍ വിവാഹിതനാണെന്ന് മോദി സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് 2014 ഏപ്രിലില്‍ ഹര്‍ജി നല്‍കിയത്. 2012ലെ നിയമസഭ തെരഞ്ഞെടുപ്പിന് നല്‍കിയ പത്രികയില്‍ താന്‍ വിവാഹിതനാണെന്ന കാര്യം മോദി ഒളിച്ചു വെച്ചു എന്നാരോപിച്ചായിരുന്നു ഹര്‍ജി.

മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു ആദ്യം ഹര്‍ജി സമര്‍പ്പിച്ചത്. മോദിയുടെ പ്രവര്‍ത്തി തെറ്റാണെന്നും എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം പരാതി നല്‍കിയതിനാല്‍ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു മജിസ്‌ട്രേറ്റ് കോടതിയുടെ വിധി. ഇതിനെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.