മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഓക്ടോബറില്‍ ഇന്ത്യ സന്ദര്‍ശിക്കും; സന്ദര്‍ശനം ഇന്റര്‍നെറ്റ് ഡോട്ട് ഓആര്‍ജിയുടെ പിന്തുണ ലക്ഷ്യമിട്ടെന്ന് ടെക്ക് ലോകം

single-img
16 October 2015

mark-zuckerbergന്യൂഡല്‍ഹി:  ഫേയ്‌സ് ബുക്കിന്റെ സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഈ മാസം അവസാനം ഇന്ത്യ സന്ദര്‍ശിക്കും. നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം ഇത് രണ്ടാംതവണയാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നത്. ഓക്ടോബര്‍ 28ന് ഇന്ത്യയില്‍ എത്തുന്ന സുക്കര്‍ബര്‍ഗ് ഡല്‍ഹി ഐഐടിയിലെ വിദ്യാര്‍ത്ഥികളുമായി സംവാദം നടത്തും.

ഫേയ്‌സ്ബുക്കിന്റെ സ്വപ്ന പദ്ധതിയായ ഫ്രീ ബേയ്‌സിക്‌സ് ഇനിഷിയേറ്റീവിന് ഇന്ത്യയെയാണ് മുഖ്യമായി ലക്ഷ്യമിടുന്നത്. ഇന്ത്യയടക്കം 19 വികസ്വര രാജ്യങ്ങളില്‍ ഓപ്പണ്‍ പ്ലാറ്റ്‌ഫോം എന്ന നിലയില്‍ സേവനം ലഭ്യമാക്കിയ ഇന്റര്‍നെറ്റ് ഡോട്ട് ഓആര്‍ജിയുടെ പരിഷ്‌ക്കരിച്ച രൂപമാണ് ഫ്രീ ബേയ്‌സിക്‌സ് ഇനിഷിയേറ്റീവ്. ഇന്ത്യയില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്നാണ് ഫെയ്‌സ്ബുക്ക് ഈ സേവനം ലഭ്യമാക്കിയിരുന്നത്.

എന്നാല്‍ ഇതുസംബന്ധിച്ച് വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ പരിഷ്‌ക്കരിച്ച സംവിധാനമായ ഫ്രീ ബേയ്‌സിക്‌സ് ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചത്.  സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ ഫെയ്‌സ്ബുക്ക് നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ തേടുക എന്ന ലക്ഷ്യവും സുക്കര്‍ബര്‍ഗിന്റെ സന്ദര്‍ശനത്തിന് പിന്നിലുണ്ട്. പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ഡിജിറ്റല്‍ ഇന്ത്യ പ്രചാരണത്തിന്റെ ഭാഗമായി എല്ലാവര്‍ക്കും സൗജന്യമായ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ നരേന്ദ്രമോദിയുടെ പിന്തുണ സുക്കര്‍ബര്‍ഗ് തേടിയിരുന്നു.