അബ്ദുള്‍കലാമിന്റെ ജന്മദിനത്തിന് കൈമനം കെ.എസ്.ആര്‍.ടി.സി സെന്‍ട്രല്‍ വര്‍ക്‌സിലെ ജീവനക്കാര്‍ അദ്ദേഹത്തിന് ആദരവ് നല്‍കിയത് അദ്ദേഹത്തിന്റെ പേരില്‍ ഒരു പുതിയ ബസ് നിര്‍മ്മിച്ച് പുറത്തിറക്കിക്കൊണ്ട്

single-img
15 October 2015

KSRTC

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച രാഷ്ട്രപതിയെന്ന് പേരുകേട്ട ഡോ. എ.പി.ജെ അബ്ദുള്‍കലാമിന്റെ ജന്മദിനത്തിന് കൈമനം കെ.എസ്.ആര്‍.ടി.സി സെന്‍ട്രല്‍ വര്‍ക്‌സിലെ ജീവനക്കാര്‍ അദ്ദേഹത്തിന് ആദരവ് നല്‍കിയത് അദ്ദേഹത്തിന്റെ പേരില്‍ ഒരു പുതിയ ബസ് നിര്‍മ്മിച്ച് പറുത്തിറക്കിക്കൊണ്ടാണ്. മുഴുവന്‍ ജീവനക്കാരും ജോലി കഴിഞ്ഞുള്ള സമയങ്ങളില്‍ വേതനം പറ്റാതെയാണ് ബസ് നിര്‍മ്മാണത്തില്‍ പങ്കാളിയായതെന്നുള്ളത് അദ്ദേഹത്തിനോടുള്ള ആദരവിനെ ഇരട്ടിയാക്കുന്നു.

കലാമിന്റെ ജന്മദിനമായ ഇന്ന് ബസിന്റെ ആദ്യ സര്‍വീസ് നടത്താനാണ് തീരുമാനം. ബസിന്റെ ഫ്‌ലഗ് ഓഫ് ബുധനാഴ്ച രാവിലെ സെന്‍ട്രല്‍ വര്‍ക്‌സില്‍ കെ.എസ്.ആര്‍.ടി.സി. സി.എം.ഡി. ആന്റണി ചാക്കോ നിര്‍വഹിച്ചു. പൂവാര്‍ ഡിപ്പോയ്ക്ക് നല്‍കുന്ന ദീര്‍ഘദൂര സൂപ്പര്‍ഫാസ്റ്റ് ബസ് തൃശ്ശൂരിലേക്കാകും ആദ്യ സര്‍വീസ് നടത്തുന്നതെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ സൂചിപ്പിച്ചു.

ജീവനക്കാര്‍ക്ക് ബസ് നിര്‍മ്മാണത്തിനുള്ള വേതനം നല്‍കിയിരുന്നെങ്കില്‍ 4 ലക്ഷത്തോളം രൂപ ചെലവ് വരുമായിരുന്നുവെന്നും ബസിന്റെ നിര്‍മ്മാണത്തില്‍ സെന്‍ട്രല്‍ വര്‍ക്‌സിലെ മുഴുവന്‍ വിഭാഗത്തിലെ ജീവനക്കാരും ഒരേ മനസോടെയാണ് പങ്കെടുത്തതെന്നും മെക്കാനിക്കല്‍ വിഭാഗം എന്‍ജിനിയര്‍ സി.വി.രാജേന്ദ്രന്‍ പറഞ്ഞു. ഈ ആശയം ജീവനക്കാര്‍ക്കിടയില്‍ അവതരിപ്പിച്ചതും അദ്ദേഹമാണ്.

ആധുനികവും ഗുണമേന്മയുമുള്ള സാധനങ്ങള്‍ ഉപയോഗിച്ചാണ് ബസ് നിര്‍മ്മാണം നടത്തിയിട്ടുള്ളത്. മാത്രമല്ല അബ്ദുള്‍ കലാമിന്റെ സ്മരണാര്‍ത്ഥം ബസിനുള്ളില്‍ അദ്ദേഹത്തിന്റെ ഫോട്ടോയും അദ്ദേഹത്തിന്റെ വാക്യങ്ങളും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ചടങ്ങില്‍ സി.എം.ഡി.ക്കും ഉദ്യോഗസ്ഥര്‍ക്കുമൊപ്പം കെ.എസ്.ആര്‍.ടി.സി. ജനറല്‍ മാനേജര്‍ സുധാകരന്‍, വെല്‍ഫെയര്‍ ഓഫീസര്‍ ഷീല തുടങ്ങിയവരും മറ്റു ജീവനക്കാരും പങ്കെടുത്തു.