രോഗം ശരീരം തളര്‍ത്തിയിട്ടും മനസ്സുതളരാത്ത കൊച്ചുമിടുക്കന് കളക്ടറേറ്റ് ജീവനക്കാരുടെ സമ്മാനം

single-img
15 October 2015

image (1)

ജന്മനാലുള്ള രോഗം മൂലം അച്ഛനും അമ്മയും ഉപേക്ഷിച്ചുപോയെങ്കിലും മനക്കരുത്തിലൂടെ പരിമിതികളെ മറികടന്ന കൊച്ചുമിടുക്കന് കളക്ടറേറ്റ് ജീവനക്കാരുടെ ആദരവും സഹായവും. വിതുര കല്ലാര്‍ 26ാം മൈല്‍ സ്വദേശിയും ആനപ്പാറ ഗവ.ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയുമായ കാര്‍ത്തിക്കിനാണ് കളക്ടറേറ്റ് ജീവനക്കാര്‍ വീല്‍ചെയറും കമ്പ്യൂട്ടറും നല്‍കി സഹായിച്ചത്.

സെറിബ്രല്‍ പാല്‍സിയെന്ന രോഗം ശരീരത്തെ തളര്‍ത്തിയെങ്കിലും മനസ്സു തളരാതെ പഠിച്ച് കാര്‍ത്തിക് ക്ലൂസിലെ ഒന്നാമനായാണ് മുന്നേറുന്നത്. കഴിഞ്ഞദിവസം തി്‌രുവനന്തപുരം കളക്ടറേറ്റില്‍ പഠന സഹായ അപേക്ഷയുമായി എത്തിയ കാര്‍ത്തിക്കിന്റെ അവസ്ഥ മനസ്സിലാക്കിയ കളക്ടറേറ്റിലെ ആര്‍.ആര്‍.സെക്ഷനിലെ ജീവനക്കാര്‍ ഒരു കമ്പ്യൂട്ടര്‍ വാങ്ങി നല്‍കുകയായിരുന്നു. ജില്ലാ കളക്ടര്‍ ബിജു പ്രഭാകറിന്റെയും എ.ഡി.എം. വി.ആര്‍.വിനോദിന്റെയും ആര്‍.ആര്‍. ഡെപ്യൂട്ടി കളക്ടര്‍ എസ്.ജെ.വിജയയുടെയും പിന്തുണയോടെയാണ് കളക്ടറേറ്റ് ജീവനക്കാര്‍ കാര്‍ത്തിക്കിന് സഹായം നല്‍കിയത്.

ഇതേ സമയം സബ് കളക്ടര്‍ ഡോ. എസ്.കാര്‍ത്തികേയന്‍ കുട്ടിക്ക് ഒരു വീല്‍ചെയറും സമ്മാനമായി നല്‍കുകയും ചെയ്തു. കാര്‍ത്തിക് രോഗിയാണെന്നറിഞ്ഞ് കുഞ്ഞായിരിക്കുമ്പോള്‍ത്തന്നെ അച്ഛനും അമ്മയും കാര്‍ത്തിക്കിനെ ഉപേക്ഷിച്ചു പോകുകയും വെവ്വേറെ വിവാഹങ്ങള്‍ കഴിക്കുകയുമായിരുന്നു. കൂലിപ്പണിക്കാരായ മുത്തച്ഛന്‍ രാമചന്ദ്രന്‍ നായരുടെയും ഭാര്യയുടേയും സംരക്ഷണയിലാണ് കാര്‍ത്തിക് ഇപ്പോള്‍ വളരുന്നത്.