ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയായ മായാവതിയുടെ സ്വകാര്യവസതി മോടിപിടിപ്പിക്കാന്‍ പൊതുജനങ്ങളുടെ കാശ്് ദുരുപയോഗം ചെയ്തതെന്തിനെന്ന് ഹൈക്കോടതി

single-img
15 October 2015

article-2488771-193CCFC900000578-131_634x397

2009ല്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് തന്റെ സ്വകാര്യ വസതി മോടി പിടിപ്പിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കോടികള്‍ ചെലവിട്ട ബി.എസ്.പി നേതാവ് മായാവതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയുടെ ഇടപെടല്‍. സംഭവത്തെക്കുറിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.

പൊതുജനങ്ങളുടെ കാശ് സ്വകാര്യവസതിക്കുവേണ്ടി ചെലവഴിച്ചത് എന്തിനെന്ന് ചോദിച്ച കോടതി ഉടന്‍ വിശദീകരണം നല്‍കണമെന്നും സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇതിനായി ഹൈക്കോടതിയോട് പത്തുദിവസത്തെ സമയം ചോദിച്ചിട്ടുണ്ട്. 2009ല്‍ മായാവതി മുഖ്യമന്ത്രിയായിരുന്ന കാലത്ത് 86 കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ചെലവിട്ട് സ്വകാര്യവസതി മോടിപിടിപ്പിച്ചുവെന്ന പൊതുതാത്പര്യഹര്‍ജി പരിഗണിച്ചാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ െബഞ്ചിന്റെ ഇടപെടലുണ്ടായിരിക്കുന്നത്.

അലഹബാദ് ഹൈക്കോടതിയില്‍ മോട്ടിലാല്‍ യാദവ് എന്ന അഭിഭാഷകനാണ് മോടിപിടിപ്പിക്കലിനെതിരെ പൊതുതാത്പര്യഹര്‍ജി നല്‍കിയത്. സ്വന്തംപേരിലുള്ള വസതിക്ക് സമീപത്തുള്ള രണ്ട് കെട്ടിടങ്ങള്‍ 2009ല്‍ മായാവതി ഏറ്റെടുക്കുകയും അത് പൊളിച്ചുകളഞ്ഞ് സ്വന്തം വസതി കൂറ്റന്‍ ബംഗ്ലാവാക്കുകയായിരുന്നു ചെയ്തത്. ബംഗ്ലാവിനായി ഏറ്റെടുത്ത വീടുകളില്‍ ഒന്ന് സര്‍ക്കാര്‍ ഭൂമിയിലുള്ള കെട്ടിടമായിരുന്നെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.