സാക്ഷാല്‍ ഗൂഗിളിനെ വരെ അമ്പരപ്പെടുത്തി ഈ മലയാളി വിദ്യാര്‍ത്ഥികള്‍

single-img
14 October 2015

Vidya

മൊബൈല്‍, ലാപ്‌ടോപ്പ് തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങളെ ലോകത്ത് എവിടെയിരുന്നുകൊണ്ടും നിയന്ത്രിക്കാവുന്ന വിസ്മയകരമായ കണ്ടുപിടുത്‌മൊരുക്കിയാണ് ഒരുസംഘം വിദ്യാർത്ഥികള്‍ സാക്ഷാല്‍ ഗൂഗിളിനെ പോലും ഞെട്ടിപ്പിച്ചത്. ഇന്റര്‍നെറ്റോ, ബ്ലൂടൂത്തോ, വൈഫൈയോ ഉപയോഗിച്ച് ഡിജിറ്റല്‍- ഇലക്‌ട്രോണിക് ഉപകരണങ്ങളെ നിയന്ത്രിക്കുന്ന ഈ സാങ്കേതിക വിദ്യ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത് കുറ്റിക്കാട്ടൂര്‍ എ.ഡബ്ല്യൂ.എച്ച് എഞ്ചിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ ഇ.സി.ഇ വിദ്യാര്‍ത്ഥികളായ നിഹാദ് ജിഫ്രി, മുഹമ്മദ് റാഫീസ്, വിപിന്‍ വത്സലന്‍, ഷംനാദ്, മുഹമ്മദ് ഷഹീര്‍ എന്നിവരും ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി സയ്യിദ് നബ്ഹാനും ചേര്‍ന്നാണ്.

എയിന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണത്തിന്റെ സഹായത്താല്‍ ലോകത്ത് എവിടെയിരുന്നുകൊണ്ടും വീട്ടിലോ ഓഫീസിലോ മറ്റെവിടെയെങ്കിലുമോ ഉള്ള കമ്പ്യൂട്ടര്‍, ടി.വി, ലാപ്‌ടോപ്പ്, മൊബൈല്‍ എന്നിവയൊക്കെ പ്രവര്‍ത്തിക്കാനാകും. പ്രസ്തു ഉപകരണങ്ങള്‍ ആന്‍ഡ്രോയിഡ് സംവിധാനവുമായി ബന്ധപ്പെടുത്തി ധരിക്കുന്ന കണ്ണടയുടെ ഗ്ലാസില്‍ സ്‌ക്രീനൊരുക്കിയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.

ഗൂഗിളിന്റെ സ്വപ്‌ന പദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെട്ട ഗൂഗിള്‍ ഗ്ലാസിന്റെ സാങ്കേതിക വിദ്യയെ പിന്നിലാക്കുകയാണ് എയിനിലൂടെ ഈ വിദ്യാര്‍ത്ഥികള്‍. ലോക ഡിജിറ്റല്‍ മേഖലയില്‍ വന്‍ വിപ്ലവത്തിന് സാധ്യമാകുന്ന ഈ ഉപകരണം സര്‍ക്കാരിന്റേയോ മറ്റേതെങ്കിലും സ്വകാര്യ ഏജന്‍സികളുടേയോ സഹായം ലഭിച്ചാല്‍ വിപണിയിലെത്തിക്കാനാകുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു.

എ.ഡബ്ല്യൂ.എച്ച് എഞ്ചിനീയറിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ മനുപ്രസാദാണ് ഈ ഉപകരണ നിര്‍മ്മാണത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്. എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാര്‍ത്ഥികളിലെ ശാസ്ത്ര അഭിരുചി വളര്‍ത്തുന്നതിനായി കളമശ്ശേരി ഐസാറ്റ് എഞ്ചിനീയറിംഗ് കോളേജും എ.എസ്.എ കേരളയും ചേര്‍ന്ന് സംഘടിപ്പിച്ച ഗിജിറ്റ്‌സു-2015 ല്‍ വിജയികളായത് ഈ പ്രോജക്ടാണ്. കളമശ്ശേരി അല്‍ബര്‍ടെന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ സംഘടിപ്പിച്ച ജിജുത്സുല്‍ പ്രോജക്ട് കോംപറ്റീഷനില്‍ ഈ ഉപകരണം ഒന്നാം സ്ഥാനം നേടിയിരുന്നു.