ഗുരുതരരോഗബാധിതയായി ഇന്ത്യയില്‍ ചികിത്സ തേടിയെത്തിയ പതിനഞ്ചുകാരിയായ പാകിസ്താനി പെണ്‍കുട്ടി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഇന്ത്യക്കാര്‍ പിരിച്ചു നല്‍കിയത് 13 ലക്ഷം രൂപ

single-img
14 October 2015

Saba

പരസ്പരം യുദ്ധസമാനമായ അന്തരീക്ഷം മൂടിക്കെട്ടിനില്‍ക്കുമ്പോഴും പാകിസ്താനില്‍ നിന്നും രോഗബാധിതയായി ഇന്ത്യയിലെത്തിയ പാകിസ്താന്‍ പെണ്‍കുട്ടിയെ രണ്ടുകൈയും നീട്ടി സ്വീകരിച്ച് ഇന്ത്യക്കാര്‍ തങ്ങളുടെ മനഃസാക്ഷി വ്യക്തമാക്കി. മുബൈയില്‍ ചികിത്സ സംബന്ധമായി എത്തി 49 ദിവസത്തെ ചികിത്സ കഴിഞ്ഞ് ആ പതിനഞ്ച്കാരി പെണ്‍കുട്ടിയും മാതാവും ഇന്ത്യ വിട്ടത് പണ്ട് പലരും പറഞ്ഞ് കേട്ടശത്രുക്കളുടെ സ്‌നേഹം ആവോളം അനുഭവിച്ചാണ്.

ഗുരുതരമായ വില്‍സണ്‍ രോഗബാധിതയായ സബ താരിഖ് അഹമ്മദ് എന്ന പാകിസ്താനി പെണ്‍കുട്ടി ചികിത്സ തേടിയാണ് മുംബൈയില്‍ എത്തിയത്. ഈ കുട്ടിയുടെ ചികിത്സയ്ക്കാവശ്യമായ പണം തികയാതെ വന്നപ്പോള്‍ 13 ലക്ഷം രൂപയാണ് ഒരു പ്രാദേശിക എന്‍.ജി.ഒയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ജനങ്ങളില്‍ നിന്ന് സമാഹരിച്ച് നല്‍കിയത്.

സബയ്ക്ക് ഏപ്രിലിലും മെയ്യിലുമായാണ് പണം നല്‍കിയത്. ഏഴ് ലക്ഷം രൂപ ആദ്യ ഘട്ടത്തില്‍ ചികിത്സയ്ക്ക് നല്‍കുകയും ചികിത്സ നടത്തുകയും ചെയ്തുവെങ്കിലും കുട്ടിക്ക് കാര്യമായ മാറ്റങ്ങള്‍ ഉണ്ടായില്ലായിരുന്നു. പിന്നീട് മരുന്ന് മാറി നല്‍കാന്‍ ഡോക്ടര്‍മാരുടെ സംഘം തീരുമാനിച്ചതനുസരിച്ച് ആറ് ലക്ഷം രൂപകൂടി എന്‍.ജി.ഒ നല്‍കുകയായിരുന്നു. തുടര്‍ന്ന് നടന്ന ചികിത്സയില്‍ സബയ്ക്ക് കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുകയും ചെയ്തു.

ഇന്ത്യയിലെ നല്ലമനസ്സുള്ള ജനങ്ങള്‍ക്ക് തങ്ങളുടെ ഹൃദയത്തില്‍ തട്ടുന്ന ഭാഷയില്‍ നന്ദി അര്‍പ്പിച്ചാണ് സബയും മാതാവും നാട്ടിലേക്ക് വിമാനം കയറിയത്.