പലസ്തീന്റെ പ്രത്യേക രാഷ്ട്രത്തിനായുള്ള ആവശ്യത്തെ ഇന്ത്യ തുടര്‍ന്നും പിന്തുണയ്ക്കുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി

single-img
12 October 2015

pranab_speech_759

പാലസ്തീനെ സംബന്ധിച്ചുള്ള നിര്‍ണ്ണായക ഉറപ്പ് ജോര്‍ദ്ദാന് നല്‍കി രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ത്യയുടെ പാലസ്തീന്‍ നയം ഒന്നുകൂടി വ്യക്തമാക്കി. പ്രത്യേക പലസ്തീന്‍ രാഷ്ട്രത്തിനായുള്ള ആവശ്യത്തെ ഇന്ത്യ തുടര്‍ന്നും പിന്തുണയ്ക്കുമെന്നും പലസ്തീന്‍ നയത്തില്‍ വെള്ളം ചേര്‍ത്തിട്ടല്ല ഇസ്രായേലുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. ജോര്‍ദാനിലെ അബ്ദുള്ള രാജാവ് അടക്കമുള്ള നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയുടെ ഈ നയത്തെ തങ്ങള്‍ ബഹുമാനിക്കുന്നതായി ജോര്‍ദാന്‍ പ്രധാനമന്ത്രി അബ്ദുള്ള എന്‍സോര്‍ രാഷ്ട്രപതിയെ അറിയിച്ചു. ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ അവകാശവാദത്തെ പിന്തുണയ്ക്കുമെന്ന് രാഷ്ട്രപതിയുമായി നടത്തിയ ചര്‍ച്ചയില്‍ അബ്ദുള്ള രണ്ടാമന്‍ രാജാവ് വ്യക്തമാക്കി. ജോര്‍ദാന്‍ സന്ദര്‍ശനത്തിനുശേഷം പലസ്തീനും ഇസ്രായേലും രാഷ്ട്രപതി സന്ദര്‍ശിക്കുന്നുണ്ട്.

പശ്ചിമേഷ്യയിലെ വികസനത്തിന്റെയും സമാധാനത്തിന്റെയും മരുപ്പച്ചയാണ് ജോര്‍ദാനെന്ന് രാഷ്ട്രപതി ശനിയാഴ്ച രാത്രി ഇന്ത്യക്കാരുടെ യോഗത്തില്‍ അഭിപ്രായപ്പെട്ടു. അമ്മാന്‍ നഗരത്തിലെ ഒരു തെരുവിന് മഹാത്മാഗാന്ധിയുടെ പേരിടുന്ന ചടങ്ങിലും രാഷ്ട്രപതി പങ്കെടുത്തു.