പശുമാംസം കഴിച്ചുവെന്ന് ആരോപിച്ച് ഒരാളെ അടിച്ചുകൊന്ന ദാദ്രിയില്‍ ഹിന്ദു കുടുംബാംഗങ്ങളുടെ നേതൃത്വത്തില്‍ മുസ്ലീം പെണ്‍കുട്ടിയുടെ വിവാഹം നടന്നു

single-img
12 October 2015

dadri-wedding_650x400_51444564503

പശുമാംസം കഴിച്ചുവെന്ന് ആരോപിച്ച് ഒരാളെ അടിച്ചുകൊന്ന ദാദ്രിയില്‍ ഹിന്ദു കുടുംബാംഗങ്ങളുടെ നേതൃത്വത്തില്‍ മുസ്ലീം പെണ്‍കുട്ടിയുടെ വിവാഹം നടന്നു. ദാദ്രിയിലെ ബിസാദ ഗ്രാമത്തില്‍ താമസക്കാരനായ ഹക്കീമിന്റെ മകളുടെ കല്യാണമാണ് ഹിന്ദു- മുസ്ലീം ഭേദമന്യേ സര്‍വ്വരും സൗഹൃദത്തോടെ പങ്കെടുത്ത് നടത്തിയത്.

കഴിഞ്ഞയാഴ്ചയുണ്ടായ പശുവിറച്ചി കൊലയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നടക്കുന്നതിനാല്‍ കല്യാണം ഗ്രാമത്തിനുള്ളില്‍ വെച്ച് നടത്താതെ പുറത്തുവെച്ച് നടത്തുവാനായിരുന്നു ഹക്കീം തീരുമാനിച്ചിരുന്നത്. ഇതറിഞ്ഞ ഗ്രാമവാസികള്‍ ജാതിമതഭേദമന്യേ ഹക്കീമിന്റെ വീട്ടിലെത്തി ആ തീരുമാനം മാറ്റണമെന്ന് ഹക്കീമിനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. സ്‌നേഹപൂര്‍ണ്ണമായ ആ അഭ്യര്‍ത്ഥനയ്ക്ക് മുന്നില്‍ മകളുടെ കല്യാണം ഗ്രാമത്തില്‍ തന്നെ നടത്താന്‍ ഹക്കീം തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് ഹിന്ദു വിശ്വാസികളുടെ നേതൃത്വത്തില്‍ ചടങ്ങുകള്‍ നടത്തി ഏറെ സന്തോഷത്തോടെ ബിസാദ ഗ്രാമം ആ കല്യാണം നടത്തി. വധുവിനെ ഒരുക്കുന്നതിലും ഭക്ഷണമുണ്ടാക്കുന്നതിനും വിവാഹ പന്തല്‍ ഒരുക്കുന്നതുമെല്ലാം ഗ്രാമത്തിലെ ഹിന്ദു കുടുംബങ്ങളുടെ നേതൃത്വത്തിലായിരുന്നു. മാത്രമല്ല ബിസാദ പ്രൈമറി സ്‌കൂളില്‍ നടന്ന കല്യാണ സദ്യയില്‍ മാംസാഹാരമൊന്നും ഉള്‍പ്പെടുത്തിയിരുന്നില്ല.

ഹക്കീം 1,000 പേരെ കല്യാണത്തിന് ക്ഷണിച്ചിരുന്നുവെങ്കിലും 1,500 പേര്‍ക്കുള്ള ഭക്ഷണം കരുതിയിരുന്നു. ഈ ഗ്രാമത്തിലുള്ളവര്‍ വര്‍ഷങ്ങളായി സ്‌നേഹത്തിലും സമാധാനത്തിലുമാണ് കഴിഞ്ഞിരുന്നതെന്നും ജാതിയും മതവും നോക്കതെ മറ്റുള്ളവരെ സഹായിച്ചിരുന്നുവെന്നും ഗ്രാമത്തിലെ മുതിര്‍ന്ന അംഗം എച്ച്.കെ. ശര്‍മ്മ പറഞ്ഞു. തങ്ങളുടെ കൂട്ടത്തിലുള്ളവരുടെ വിവാഹങ്ങള്‍ക്ക് മുസ്ലീം കുടുംബങ്ങള്‍ സാമ്പത്തികമായി തങ്ങളെ സഹായിച്ച കാര്യവും ശര്‍മ്മ സ്മരിച്ചു.