സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹമരണം; പുനരന്വേഷണം വേണമെന്ന ആവശ്യം ശക്തം

single-img
12 October 2015

sivagiri_varkalaതിരുവനന്തപുരം:   സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് പുനരന്വേഷണം വേണമെന്ന ആവശ്യം ശക്തമായി. ഈ സാഹചര്യത്തില്‍ പുനരന്വേഷണത്തിന് സര്‍ക്കാര്‍ നിയമോപദേശം തേടിയേക്കും.

ശിവഗിരിമഠം ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, ശാശ്വതീകാനന്ദയുടേത് സ്വാഭാവികമരണമല്ലെന്ന് ഞായറാഴ്ച പരസ്യമായി പറഞ്ഞിരുന്നു.  വെള്ളാപ്പള്ളിയെ യോഗനേതൃത്വത്തില്‍നിന്നു മാറ്റാന്‍ ശാശ്വതീകാനന്ദ തീരുമാനിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി സ്വാമിയുടെ സഹോദരിയും രംഗത്തെത്തി. എന്നാല്‍, ഏതുതരം അന്വേഷണവും നേരിടാമെന്ന നിലപാടിലാണ് വെള്ളാപ്പള്ളി നടേശന്‍.

സ്വാമിയുടെ മരണം ആസൂത്രിത കൊലപാതകമാണെന്ന് ബിജു രമേശ് വെളിപ്പെടുത്തിയതോടെയാണ് മരണം സംബന്ധിച്ച ചര്‍ച്ച ഒരു പതിറ്റാണ്ടിനുശേഷം വീണ്ടും ചൂടുപിടിച്ചത്. വെള്ളാപ്പള്ളിയും മകന്‍ തുഷാറുമാണ് മരണത്തിനുത്തരവാദികള്‍ എന്നാണ് ബിജുവിന്റെ ആരോപണം.

പുതിയ തെളിവുകളുടെ നിജസ്ഥിതി അറിയണമെങ്കില്‍ പുനരന്വേഷണം വേണമെന്ന് ഇടതുമുന്നണി ഞായറാഴ്ച അഭിപ്രായപ്പെട്ടു. വി.എസ്സിനും കോടിയേരിക്കും പുറമേ, പിണറായി വിജയനും തുടരന്വേഷണം ആവശ്യപ്പെട്ടു.

ഇന്ത്യന്‍ ശിക്ഷാനിയമം 173(8) പ്രകാരം ആരോപണം പുതുതാണെന്ന് ബോധ്യപ്പെട്ടാല്‍ അന്വേഷണോദ്യോഗസ്ഥന് തുടരന്വേഷണം ആവശ്യപ്പെടാം. വി.എം.സുധീരനുള്‍പ്പെടെയുള്ളവര്‍ തുടരന്വേഷണമാവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍, പിന്നാക്കം പോകാന്‍ സര്‍ക്കാറിനു ബുദ്ധിമുട്ടാണ്.

പോലീസിന്റെ അന്വേഷണത്തില്‍ കൊലപാതകത്തിന് തെളിവു ലഭിച്ചിരുന്നില്ല. മരണത്തില്‍ അസ്വാഭാവികതയില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. 2002 ജൂലായ് ഒന്നിനാണ് ശാശ്വതീകാനന്ദയെ ആലുവാപ്പുഴയില്‍ മുങ്ങിമരിച്ചനിലയില്‍ കണ്ടത്.