വിശാല ഹിന്ദു ഐക്യം രൂപീകരിക്കുന്നതിനു പിന്നില്‍ ചിലരുടെ സ്വാര്‍ഥലക്ഷ്യം- സുകുമാരന്‍ നായര്‍

single-img
10 October 2015

G Sukumaran nair - 4ചങ്ങനാശേരി: വിശാല ഹിന്ദു ഐക്യം രൂപീകരിക്കുന്നതിനു പിന്നില്‍ ചിലര്‍ക്ക് സ്വാര്‍ഥലക്ഷ്യമുണ്ടെന്ന്  ജി. സുകുമാരന്‍ നായര്‍. പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ഐക്യത്തോട് സ്വാര്‍ഥതാത്പര്യമുള്ളിടത്തോളം കാലം  എന്‍എസ്എസിന് യോജിക്കാനാവില്ല. മതേതരത്വവും ജനാധിപത്യവും സാമൂഹ്യനീതിയും സംരക്ഷിക്കുക എന്ന വിശാലമായ കാഴ്ചപ്പാടാണ് എന്‍എസ്എസിനുള്ളത്.

എന്‍എസ്എസ് പ്രവര്‍ത്തിക്കുന്നത് സമുദായത്തിന്റെയും രാജ്യത്തിന്റെയും പൊതുനന്മയ്ക്കായാണ്. ഇങ്ങനെയുള്ള പ്രസ്ഥാനത്തിന് ഒരു മതത്തിന്റെ ഭാഗമായി മാത്രം പ്രവര്‍ത്തിക്കാനാവില്ല. സമദൂരത്തില്‍ നിന്നുകൊണ്ടുള്ള ശരിദൂരമാണ് എന്‍എസ്എസിന്റെ നയം. സര്‍ക്കാരിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ശരിയെ ശരിയായി കാണാനും തെറ്റുകളെ തിരുത്താനുമാണ് എന്‍എസ്എസ് ശ്രമിക്കുന്നത്.

ശരിയും തെറ്റും പറയുന്നതുകൊണ്ട് ഏതെങ്കിലും ഒരു പാര്‍ട്ടിക്കും എതിരോ അനുകൂലമോ ആകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നായര്‍ക്കുവേണ്ടി മാത്രമല്ല ഈ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നത്. സാമൂഹ്യനീതി നിഷേധിക്കപ്പെടുന്ന എല്ലാവര്‍ക്കും വേണ്ടിയാണ് എന്‍എസ്എസ് പ്രതികരിക്കുന്നത്. ഹൈന്ദവന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും വേണ്ടി പ്രതികരിക്കുന്ന പ്രസ്ഥാനമാണ് എന്‍എസ്എസ് എന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.