കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയനയം; സാറാജോസഫ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കും;കവി സച്ചിദാനന്ദന്‍ കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വവും രാജിവെച്ചു

single-img
10 October 2015

sachi-saraകേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയനയങ്ങളില്‍ പ്രതിഷേധിച്ച്  പ്രശസ്ത എഴുത്തുകാരി സാറാജോസഫ്  കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കാന്‍ തീരുമാനിച്ചു. ഇതിന് പിന്നാലെ കവിയും നിരൂപകനുമായ സച്ചിദാനന്ദന്‍ കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വവും രാജിവെച്ചു. ജനറല്‍ കൗണ്‍സില്‍, എക്‌സിക്യുട്ടീവ് കൗണ്‍സില്‍ എന്നിവയിലെ അംഗത്വമാണ് സച്ചിദാനന്ദന്‍ രാജിവെച്ചത്.

സാറാ ജോസഫ് 50000 രൂപയും പ്രശസ്തി പത്രവും ശില്‍പവുമടക്കമാണ് തിരിച്ചു നല്‍കുക. 2003ല്‍ ആലാഹയുടെ പെണ്‍മക്കള്‍ എന്ന പുസ്തകത്തിനാണ് സാറാ ജോസഫിന് പുരസ്‌കാരം ലഭിച്ചത്.  അവാര്‍ഡായി ലഭിച്ച 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും തിരിച്ചുനല്‍കുമെന്ന് സാറാ ജോസഫ് പറഞ്ഞു. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഭീകരാന്തരീക്ഷം ഭയപ്പെടുത്തുന്നതാണെന്ന് സാറാജോസഫ് അഭിപ്രായപ്പെട്ടു.

എഴുത്തുകാരെ കൊന്നുകളയുകയും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള ജനത്തിന്റെ അവകാശത്തെ പോലും നിഷേധിക്കുകയും ചെയ്തുകൊണ്ട് ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെയുള്ള പ്രതിഷേധമായാണ് താന്‍ അവാര്‍ഡ് തിരിച്ചേല്‍പ്പിക്കുന്നതെന്ന് സാറ ജോസഫ് പറഞ്ഞു.

ദാദ്രി സംഭവത്തില്‍ പ്രധാനമന്ത്രി പാലിച്ച 9 ദിവസത്തെ കുറ്റകരമായ മൗനം ഇന്ത്യ ഭയത്തോടെ ശ്രദ്ധയിലെടുക്കേണ്ട ഒന്നാണ്. ഇതിനെതിരെ പ്രതിഷേധിക്കേണ്ടത് എഴുത്തുകാരുള്‍പ്പടെയുള്ള സാംസ്‌ക്കാരിക പ്രവര്‍ത്തകരാണ്. കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ നടപടികള്‍ക്കെതിരെ ഇന്ത്യ മുഴുവനമുള്ള എഴുത്തുകാര്‍ അണി ചേരും എന്ന് തന്നെയാണ് തന്റെ പ്രതീക്ഷ. പ്രതിരോധത്തിന്റെ ശക്തമായ ഭാഷ എന്ന നിലയിലാണ് പുരസ്‌ക്കാരം തിരിച്ചുനല്‍കുന്നതെന്നും സാറ ജോസഫ് പറഞ്ഞു.

പ്രമുഖ ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യകാരിയും നെഹ്‌റുവിന്റെ സഹോദരി പുത്രിയുമായ നയന്‍താര സെഹ്ഗാളും കവിയും എഴുത്തുകാരനുമായ അശോക് വാജ്‌പേയിയും അക്കാദമി അവാര്‍ഡുകള്‍ തിരിച്ചുനല്‍കാന്‍ തീരുമാനിച്ചിരുന്നു. അതിന് പിന്നാലെ കല്‍ബുര്‍ഗി വധത്തില്‍ മൗനം പാലിക്കുന്ന അക്കാദമിയുടെ നിലപാടില്‍ പ്രതിഷേധിച്ച് എഴുത്തുകാരിയും പദ്മശ്രീ ജേതാവുമായിരുന്ന ശശി ദേശ് പാണ്ഡെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗത്വം രാജിവയ്ക്കുകയുണ്ടായി.