വളാഞ്ചേരിയില്‍ പാചക വാതക ഏജന്‍സി ഉടമയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പൊലീസ് പിടിയില്‍

single-img
10 October 2015

valakamമലപ്പുറം: വളാഞ്ചേരിയില്‍ പാചക വാതക ഏജന്‍സി ഉടമയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പൊലീസ് പിടിയില്‍.  കൊല്ലപ്പെട്ട വിനോദ് കുമാറിന്‍െറയും ഭാര്യ ജ്യോതിയുടേയും അടുത്ത സുഹൃത്താണ് പ്രതി.ഇന്ന് പുലര്‍ച്ചെ എറണാകുളത്ത് വെച്ചാണ് പ്രതി യൂസഫിനെ പൊലീസ് പിടികൂടിയത്. ജ്യോതിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. തെളിവെടുപ്പിനായി പ്രതിയെ പെരിന്തല്‍മണ്ണ ആശുപത്രിയിലെത്തിക്കും.

വിനോദ് കുമാറിനെ(54) വെണ്ടല്ലൂരില്‍ വെള്ളിയാഴ്ചയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.  കവര്‍ച്ച നടത്തുക എന്ന വ്യാജേനയാണ് പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തത്. എന്നാല്‍ മോഷണം ലക്ഷ്യമിട്ടല്ല കൊലപാതകമെന്ന് പോലീസ് പ്രഥമദൃഷ്ട്യാ കണ്ടെത്തിയിരുന്നു. ജ്യോതിയുടെ മൊഴികളിലെ വൈരുദ്ധ്യമാണ് കൊലപാതകത്തിന്റെ ചുരുളഴിയിക്കാന്‍ പോലീസിനെ സഹായിച്ചത്. രാത്രി ഒരുമണിയോടെ ബാത്ത്‌റൂമിലേക്കു പോവുമ്പോള്‍ മുഖത്തടിയേറ്റ് ബോധരഹിതയായി വീണുപോയെന്നും ഒന്നും ഓര്‍മയില്ലെന്നുമാണ് ജ്യോതി നല്‍കിയ മൊഴി. കഴുത്തിന്  വെട്ടേറ്റ നിലയില്‍ കണ്ട ജ്യോതി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ഇവരുടെ വീട്ടുമുറ്റത്ത് നിന്ന് കാണാതായ കാര്‍ വെള്ളിയാഴ്ച രാത്രിയോടെ എടപ്പാളിനടുത്ത് മാണൂരില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വിനോദ് കുമാറിന് കഴുത്തിനും തലക്കും നെഞ്ചിലുമായി മുപ്പതോളം വെട്ടേറ്റിട്ടുണ്ട്. ഗ്യാസ് ഏജന്‍സിയിലെ വ്യാഴാഴ്ചത്തെ കലക്ഷന്‍ തുകയാണ് നഷ്ടമായത്. ബാഗിലാക്കി സൂക്ഷിച്ചതായിരുന്നു പണം. മറ്റ് നഷ്ടങ്ങളുള്ളതായി വിവരം ലഭിച്ചിട്ടില്ല.

വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ കൊല പുറംലോകം അറിയുന്നത്. അയല്‍വീട്ടിലെ സ്ത്രീ വിനോദ് കുമാറിന്‍െറ വീടിന് മുന്നിലെ ലൈറ്റ് അണയാതെ കിടക്കുന്നത് കണ്ട് എത്തിയപ്പോള്‍ ജ്യോതിയുടെ നിലവിളി കേള്‍ക്കുകയായിരുന്നു. ജ്യോതി വെട്ടേറ്റ് രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു. ഡൈനിങ് ഹാളിലാണ് ഇവരുണ്ടായിരുന്നത്. ജ്യോതി വിരല്‍ ചൂണ്ടിയതനുസരിച്ച് കിടപ്പു മുറിയിലത്തെിയപ്പോഴാണ് വിനോദ് കുമാറിനെ കണ്ടത്. അയല്‍വാസി വിവരമറിയിച്ചതനുസരിച്ച് ഓടിക്കൂടിയ നാട്ടുകാരാണ് ജ്യോതിയെ ആശുപത്രിയിലെത്തിച്ചത്.