പിണറായിയുടെ നടപടി അങ്ങാടിയിൽ തോറ്റതിന് അമ്മയോട് ചാടുന്നതിന് തുല്യം- പിണറായി വിജയന് മറുപടിയുമായി ഉമ്മൻചാണ്ടി
10 October 2015
കൊച്ചി: എസ്.എൻ.ഡി.പി-ആർ.എസ്.എസ് സഖ്യത്തിന് പിന്നിൽ താനാണെന്ന പിണറായി വിജയന്റെ ആരോപണം മുഖ്യമന്ത്രി ഉമ്മൻചാണ്ടി തള്ളി. അധികാരത്തിനായി എന്നും ആർ.എസ്.എസിനെ കൂട്ടുപിടിച്ചത് സി.പി.എമ്മാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. 1977ലും 89ലും രാഷ്ട്രീയ കേരളം ഇത് കണ്ടതാണെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
സി.പി.എമ്മിൽ നിന്ന് ബി.ജെ.പിയിലേക്ക് അണികൾ പോകുന്നതിലുള്ള അമർഷമാണ് പിണറായിക്ക്. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് ചാടുന്നതിന് തുല്യമാണ് പിണറായിയുടെ ഈ നടപടി.പിണറായി വിജയന്റെ ആരോപണം വസ്തുതാ വിരുദ്ധമാണ്.
മതേതരവാദിയാവാൻ തനിക്ക് പിണറായിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. എസ്.എൻ.ഡി.പി യോഗത്തെ ആർ.എസ്.എസിന്റെ ഭാഗമാക്കാൻ ശ്രീനാരായണീർ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.