വെഞ്ഞാറമ്മൂട് ബസ്സും ടിപ്പറും കൂട്ടിയിടിച്ച് ടിപ്പർ ഡ്രൈവർ മരിച്ചു; 16 പേർക്ക് പരിക്ക്

single-img
9 October 2015

accident-logo3തൈക്കാട്: വെഞ്ഞാറമ്മൂടിനടുത്ത് തൈക്കാട് എം.സി. റോഡിൽ കെ.എസ്.ആർ.ടി.സി ഫാസ്റ്റും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ടിപ്പർ ഡ്രൈവർ വെമ്പായം സ്വദേശി ഷാഫി(30)ആണ് മരിച്ചത്. ആൻസിയാണ് ഭാര്യ, മകൾ സുഹാന.

രാവിലെ 9നായിരുന്നു അപകടം നടന്നത്. ബസിലുണ്ടായിരുന്ന 16 യാത്രക്കാർക്ക് പരിക്കേറ്റു, 5 പേരുടെ നില ഗുരുതരം. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ബസ് ഡ്രൈവർ ആര്യനാട് സ്വദേശി ജോസ് വിൽസൺ(32), യാത്രക്കാരായ പേയാട് സ്വദേശി കാർത്തികേയൻ(65), പേയാട് സ്വദേശിനി മല്ലിക(53), കടയ്ക്കൽ സ്വദേശിനികളായ വിനീത(21), ഗ്രേസി(42) എന്നിവരാണ് ഗുരുതരാവസ്ഥയിലുള്ളത്.

ബസ് കണ്ടക്ടർ ആര്യനാട് സ്വദേശി ജയന്തൻ(49), യാത്രക്കാരായ പ്രശാന്ത് നഗർ സ്വദേശിനി ഉമ(43), കൊല്ലം സ്വദേശി ദിനു(35), കണ്ണമ്മൂല സ്വദേശി സുഭാഷ് വർമ്മ(50), ചിത്ര വർമ്മ(46), ആറ്റിങ്ങൽ സ്വദേശി രാജീവ്(42), പട്ടം സ്വദേശികളായ ബിജു കെ. ജോസ്(38), സുനന്ദ(33) എന്നിവരും പരുക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നിസ്സാര പരിക്കേറ്റ മറ്റു യാത്രക്കാരെ പ്രാഥമിക ശുശ്രൂഷനൽകിയശേഷം വിട്ടയച്ചു.

തിരുവനന്തപുരത്തുനിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിൽ എതിരെവന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. വെഞ്ഞാറന്മൂടിൽ നിന്നും വെമ്പായത്തേക്ക് മെറ്റലുമായി പോവുകയായിരുന്നു ടിപ്പർ. തൈക്കാട് എം.സി. റോഡിലെ വളവിലായിരുന്നു അപകടം.