ദാദ്രി കൊല: അഖ് ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്

single-img
9 October 2015

151785249323724572964967Untitled

ദാദ്രി: ബീഫ് കഴിചെന്നും വീട്ടില്‍ സൂക്ഷിചെന്നും ആരോപിച്ച് ദാദ്രിയില്‍ സായുധ സംഘം മര്‍ദ്ദിച്ചുകൊന്ന മുഹമ്മദ് അഖ് ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയെന്ന് ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായി. അഖ് ലാഖിനെ കൊലപ്പെടുത്തിയ സെപ്റ്റംബര്‍ 28ന് രാത്രി ബിസാദയിലെ വീട്ടിലെ ഫ്രിഡ്ജില്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത ഇറച്ചിയാണ് ഫൊറന്‍സിക് പരിശോധനക്ക് വിധേയമാക്കിയത്.

പ്രാഥമിക പരിശോധനക്ക് ശേഷം സ്ഥിരീകരണത്തിനായി മഥുരയിലെ ഫൊറന്‍സിക് ലാബിലേക്കും ഇറച്ചിയുടെ സാംപിള്‍ പൊലീസ് അയച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലും അഖ് ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയാണെന്ന് തെളിഞ്ഞതായി ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ അഖ് ലാഖിന്റെ വീട്ടിലെ ഫ്രിഡ്ജില്‍ നിന്ന് മാട്ടിറച്ചി പിടിച്ചെടുത്തെന്ന അക്രമിസംഘത്തിന്റെ വാദം കള്ളമാണെന്ന് തെളിഞ്ഞു. ഗ്രാമത്തിലെ സാമുദായിക സൗഹാര്‍ദം തകര്‍ത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് വിഭാഗം ശ്രമം നടത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.