ദീപ ടീച്ചർക്കെതിരെ നടപടിയില്ലെന്ന് ദേവസ്വം ബോർഡ്

single-img
9 October 2015

deepa---storysize_647_100715034929തൃശൂർ: ശ്രീകേരളവർമ്മ കോളജിലെ മലയാള വിഭാഗം അധ്യാപികയായ ദീപ നിശാന്തിനെതിരെ അച്ചടക്ക നടപടി കൈക്കൊള്ളേണ്ടതില്ലെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എം.പി. ഭാസ്കരൻ നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ദീപ ടീച്ചർ കാമ്പസിനകത്ത് അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്ന് വിലയിരുത്തി. എന്നാൽ കോളേജ് കാന്‍റീനിൽ മാംസാഹാര വിലക്ക് തുടരാനും തീരുമാനിച്ചിട്ടുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് തൃശൂർ ശ്രീകേരളവർമ്മ കോളേജ്.

 

കോളജിലെ എസ്.എഫ്.ഐ പ്രവർത്തകർ ഈമാസം ഒന്നിന് കാമ്പസിൽ നടത്തിയ ബീഫ് ഫെസ്റ്റുമായി ബന്ധപ്പെടുത്തി മലയാളം അധ്യാപികയായ ദീപ ഫേസ് ബുക്ക് പോസ്റ്റിട്ടതാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. എ.ബി.വി.പി പ്രവർത്തകർ അധ്യാപികക്കെതിരെ ദേവസ്വം ബോർഡിൽ പരാതിനൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കോളേജ് പ്രിൻസിപ്പൽ സി.എം. ലതയോട് സംഭവങ്ങളെക്കുറിച്ച് ബോർഡ് റിപ്പോർട്ട് തേടി. പ്രിൻസിപ്പൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് യോഗം ചേർന്നത്.

 

പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ, സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തുടങ്ങിയവർ ദീപ ടീച്ചർക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. ദേവസ്വം മന്ത്രി വി.എസ്. ശിവകുമാർ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റിനോട് ടീച്ചർക്കെതിരെ നടപടി എടുക്കരുതെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.