വെള്ളാപ്പള്ളി നടേശന്‍റെ ആര്‍എസ്എസ് ബന്ധം വളര്‍ത്തിയെടുക്കുന്നതില്‍ ഉമ്മന്‍ ചാണ്ടിക്ക് ബന്ധമുണ്ടെന്ന് പിണറായി വിജയന്‍

single-img
9 October 2015

TH30_PINARAYI_VIJAY_516498fകോഴിക്കോട്: വെള്ളാപ്പള്ളി നടേശന്‍റെ ആര്‍ എസ് എസ് ബന്ധം വളര്‍ത്തിയെടുക്കുന്നതില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ബന്ധമുണ്ടെന്ന്  പിണറായി വിജയന്‍.  വെള്ളാപ്പള്ളി നടേശന്റെ പാര്‍ട്ടിക്ക് ഭരണഘടന എഴുതാന്‍ ഇപ്പോഴും യു.ഡി.എഫിന്റെ ഭാഗമായി തുടരുന്ന ജെ.എസ്.എസ് വിഭാഗത്തിന്റെ നേതാവ് രാജന്‍ബാബു  പോയത് ഇതിന്റെ തെളിവാണ്. കോഴിക്കോട് പ്രസ് ക്ലബിലെ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്എന്‍ഡിപിയെ ആര്‍എസ്എസ് പാളയത്തില്‍ എത്തിച്ചതിനെ വിമര്‍ശിച്ച സുധീരനെ വളരെ മോശമായ രീതിയിലാണ് വെള്ളാപ്പള്ളി നടേശന്‍ തിരിച്ച് വിമര്‍ശിച്ചത്. എന്നാല്‍,  മുഴുന്‍ ഘടകകക്ഷികളും വെള്ളാപ്പള്ളിക്കെതിരെ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ അതിനെ എതിര്‍ത്തതും ഗൗരവത്തില്‍ എടുക്കേണ്ടെന്ന് പറഞ്ഞതും ഉമ്മന്‍ചാണ്ടിയായിരുന്നു. ആര്‍എസ്എസിന്റെ സഹായത്തോടെ തെരഞ്ഞെടുപ്പ് ജയിക്കാമെന്നാണ് ഉമ്മന്‍ചാണ്ടി കണക്കാക്കുന്നത്. എന്നാല്‍, അരുവിക്കര അല്ല കേരളം മുഴുവന്‍ എന്ന് ഉമ്മന്‍ചാണ്ടി മനസ്സിലാക്കണമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

ഭരണത്തുടര്‍ച്ചക്ക് വേണ്ടി ആര്‍.എസ്.എസ് ഉമ്മന്‍ചാണ്ടിയേയും കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ വേണ്ടി  ഉമ്മന്‍ ചാണ്ടി ആര്‍.എസ്.എസ്സിനേയും സഹായിക്കുകയാണ്. രാജ്യത്ത് കോണ്‍ഗ്രസസും ആര്‍.എസ്.എസും പരസ്പരം പോരടിക്കുകയാണെങ്കിലും കേരളത്തില്‍ അവര്‍ ഒരുമിച്ച് നില്‍ക്കുകയാണ്.

സര്‍ക്കാര്‍ പദവികളിലിരിക്കുന്ന എസ്എന്‍ഡിപി നോമിനികള്‍ രാജിവെക്കാത്തത് ഉമ്മന്‍ചാണ്ടിയും ആര്‍എസ്എസും എസ്എന്‍ഡിപിയും കൂട്ടുകെട്ടാണെന്നതിന് തെളിവാണ്. കേരളത്തില്‍ ബി.ജെ.പി കോണ്‍ഗ്രസ് സഹകരണത്തിന്റെ ചരിത്രമുണ്ട്. വടകര-ബേപ്പൂര്‍ പരീക്ഷണമൊക്കെ അതിന്റെ ഭാഗമായിരുന്നു. അന്നെല്ലാം ആര്‍.എസ്.എസ് ആയിരുന്നു ഇത് ഉണ്ടാക്കാന്‍ മുന്‍കൈ എടുത്തത് . ഇത്തവണ അതിന് വെള്ളാപ്പള്ളി നടേശന്റേയും കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വംപോലും തള്ളിപ്പറഞ്ഞ ഒരു വ്യവസായിയുടേയും പങ്കുണ്ട്. ആ വ്യവസായിയെ കേരളത്തിലേക്ക് ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു.

വ്യവസായി ഉമ്മന്‍ചാണ്ടി ആര്‍.എസ്.എസ് ബന്ധം ഉണ്ടാക്കിയെടുക്കാന്‍ മധ്യസ്ഥന്മാര്‍ ഉണ്ടായിരുന്നു. വെള്ളാപ്പള്ളി നടേശനും ഇതിലൊക്കെ പങ്കുണ്ടെന്ന് പിണറായി ആരോപിച്ചു.കേരളത്തില്‍ യുഡിഎഫ് ശിഥിലമായിക്കൊണ്ടിരിക്കുകയാണ്. പലയിടത്തും യുഡിഎഫ് എന്ന നിലയില്‍ മത്സരിക്കില്ലെന്ന് ഘടകകക്ഷികള്‍ തന്നെ തുറന്നു പറയുന്ന സ്ഥിതിവന്നിരിക്കുന്നു. ചിലയിടത്ത് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ അടിയാണ്. ചിലയിടത്ത് മുസ്ലിംലീഗും കോണ്‍ഗ്രസും തമ്മിലാണ് മത്സരമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.