ഫാന്‍സി ഷോപ്പിനെ ഫാന്റസി ഷോപ്പാക്കി മാറ്റിയ സാറയെന്ന് കുട്ടി പ്രേതം; മുക്കടത്തില്‍ മുങ്ങിയ കെയ്റ്റിയെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയ പ്രേത സ്റ്റാഫ്

single-img
8 October 2015

sarah-ghost

image credits: pa real life

പ്രേതങ്ങള്‍ കാരണം ജിവിതം താറുമാറായ നിരവധി പേരുടെ കഥകള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ പ്രേതം കാരണം ജീവിതം പച്ചപിടിച്ചവരുമുണ്ടെന്ന് കേള്‍ക്കുമ്പോള്‍ പലര്‍ക്കും വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. കെയ്റ്റി ഡപ്‌ലോക്ക് എന്ന യുവതി നാലു വര്‍ഷം മുന്‍പ് ഫ്ലിന്റ്ഷയറിലെ  ഫാന്‍സി ഷോപ്പ് ഏറ്റെടുക്കുന്നതിലൂടെ തന്റെ ജീവിതം മാറിമറിയുമെന്ന് ഒരിക്കലും കരുതിയില്ല. ഈ ഷോപ്പില്‍ ഒരു അജ്ഞാത ശക്തിയുടെ സാന്നിധ്യമുണ്ടെന്നും. ബില്ലടിയ്ക്കുന്ന യന്ത്രം പോലും തനിയെ പ്രവര്‍ത്തിക്കുമെന്നും എല്ലാം പറഞ്ഞ് ഈ ഉദ്ദ്യമത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കടയുടെ ഉടമസ്ഥന്‍ ശ്രമിച്ചെങ്കിലും കെയ്റ്റി പിന്മാറിയില്ല.

കാരണം കെയ്റ്റിയ്ക്കു മുന്നില്‍ ആ ഷോപ്പ് വാങ്ങുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. എന്ത് അജ്ഞാത ശക്തിയുണ്ടെങ്കിലും തന്റെ സ്വപ്നമാണ് ഇത്തരമൊരു ഫാന്‍സി ഡ്രസ് ഷോപ്പ്. കൂടാതെ കെയ്റ്റിയ്ക്കു പ്രേതങ്ങളെ സംബന്ധിച്ചുള്ള പാരാനോര്‍മല്‍ വിഷയങ്ങളിലും ഏറെ താല്‍പര്യമുണ്ട്.

പക്ഷേ രണ്ട് സഹായികളെയും വച്ച് കടയാരംഭിച്ച് ഏതാനും നാളുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ കെയ്റ്റിക്ക്  സ്റ്റോറില്‍ അവരെ കൂടാതെ ആരോ കൂടിയുണ്ടെന്ന് തോന്നി തുടങ്ങി. രാവിലെ ഒന്‍പതുമണിക്ക് ഷോപ്പ് തുറന്നാലുടന്‍ മുകളില്‍ എന്തോ ഞെരിഞ്ഞമരുന്ന ശബ്ദം കേള്‍ക്കാം. ആരോ കട്ടിലില്‍ നിന്നെണീക്കുന്നതു പോലെ. പിറകെ എന്തൊക്കെയോ തട്ടിവീഴുന്ന ശബ്ദവും.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അവിടത്തെ നിലവറയില്‍ പണ്ട് ഒരു പെണ്‍കുട്ടിയുടെ അസ്ഥികൂടം ലഭിച്ചതായി പ്രദേശവാസികള്‍ പറഞ്ഞത്. മാത്രവുമല്ല ഷോപ്പിന്റെ മുകളിലെ നിലയിലെ ജനാലയിലൂടെ രാത്രികളില്‍ പുറത്തേയ്ക്കു നോക്കി നില്‍ക്കുന്ന കൊച്ചു പെണ്‍കുട്ടിയെപ്പോലെയുള്ള  രൂപം പലരും കാണ്ടിട്ടുണ്ടത്രേ.

പ്രേതത്തിന് സാറ എന്നു പേരിട്ട് കെയ്റ്റി അവളോട് സംസാരിക്കാന്‍ തുടങ്ങി. കടയിലെ എന്തെങ്കിലും സാധനം കാണാതായാല്‍ ‘സാറ ഇതൊന്നു കണ്ടുപിടിച്ചു തരാമോ?’ എന്നു ചോദിച്ചാല്‍ മതി. നേരത്തേ പലവട്ടം പരിശോധിച്ചുനോക്കിയ അതേ സ്ഥലത്ത് നഷ്ടപ്പെട്ട സാധനം വന്നിരിക്കുന്നതു കാണാമെന്നു കെയ്റ്റി പറയുന്നു . ഒരിക്കല്‍ സാറയുണ്ടെന്ന് വിശ്വസിക്കുന്ന കൊടുംചൂടനുഭവപ്പെട്ടിരുന്ന ആ നിലവറയിലേക്ക് ഇറങ്ങി ചെന്ന കെയ്റ്റിയുടെ കണ്ണിനു മുന്നിലൊരു മങ്ങല്‍. കെയ്റ്റി കണ്ണുതിരുമ്മി നോക്കി.

അപ്പോഴാണറിഞ്ഞത് കണ്മുന്നില്‍ മൂടല്‍മഞ്ഞിന്റെ സാന്നിധ്യം.  പക്ഷേ തനിക്ക് പേടിയാകുന്നുവെന്ന് പറഞ്ഞ നിമിഷം മൂടല്‍മഞ്ഞ് മാഞ്ഞുപോയതായി കെയ്റ്റി പറയുന്നു. ചിലപ്പോഴുക്കെ സാറാ പ്രേതം ഷോപ്പിലെ സ്റ്റാഫുകളെ നിലവറയില്‍ വെച്ച് പേടിപ്പിച്ചിട്ടുമുണ്ട്.

എന്തായാലും പ്രേതഷോപ്പിനെപ്പറ്റി നാട്ടിലെങ്ങും പാട്ടായതോടെ  പാരാനോര്‍മല്‍ ഇന്‍വസ്റ്റിഗേഷന്‍ സംഘവും ഇതിന്റെ രഹസ്യം അറിയാനെത്തി. ആത്മാക്കളുടെ സാന്നിധ്യം തിരിച്ചറിയാനായി അവരുപയോഗിക്കുന്ന യന്ത്രങ്ങളില്‍ ഒട്ടേറെ സൂചനകളാള്‍ അന്ന് രേഖപ്പെടുത്തിയതായി പറയുന്നു.  ഇതുകൂടിയായതോടെ സംഭവത്തിന്റെ വിശ്വാസ്യതയും കൂടി. പാശ്ചാത്യമാധ്യമങ്ങള്‍ ആ ഫാന്‍സി ഷോപ്പിലേക്ക് ഒഴുകിയെത്താന്‍ തുടങ്ങി. വാര്‍ത്ത വന്നതോടെ കടയിലെ കച്ചവടവും കൂടി.

തന്റെ ഏറ്റവും പ്രിയപ്പെട്ട സ്റ്റാഫായിട്ടാണ് ഇപ്പോള്‍ കെയ്റ്റി സാറയെ കാണുന്നത്. ഷോപ്പില്‍ കാണാതാകുന്നതെല്ലാം തിരിച്ചു കൊണ്ടുതരുന്നുവെന്നു മാത്രമല്ല, കക്ഷി കാരണം ജീവിതവും രക്ഷപ്പെട്ടിരുന്നു.