എസ്.എന്‍.ഡി.പി യോഗം നടത്തുന്ന മൈക്രോ ഫിനാന്‍സിലെ വ്യാപക ക്രമക്കേടുകളെ കുറിച്ച് സി.ബി.ഐ അന്വേഷിക്കണം-വി.എസ് അച്യുതാനന്ദന്‍

single-img
7 October 2015

vs22_4തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം നടത്തുന്ന മൈക്രോ ഫിനാന്‍സ് വായ്പാ പദ്ധതിയില്‍ നടക്കുന്ന വ്യാപക ക്രമക്കേടുകളെ കുറിച്ച്  സി.ബി.ഐ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. എസ്.എന്‍.ഡി.പി മൈക്രോ ഫിനാന്‍സ് പദ്ധതി നടത്തുന്നത് 15 കോടി രൂപ പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് വായ്പ എടുത്താണ് . രണ്ട് ശതമാനം പലിശയ്ക്കാണ് എസ്.എന്‍.ഡി.പിക്ക് ഇത് കിട്ടുന്നത്. പരമാവധി അഞ്ച് ശതമാനം പലിശയ്ക്കാണ് ഇത് ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ടത്.

എന്നാല്‍ എസ്.എന്‍.ഡി.പി 12 ശതമാനം പലിശയ്ക്കാണ് നല്‍കുന്നതെന്നും കേവലം 10 ശതമാനം ആളുകള്‍ക്ക് മാത്രമാണ് വായ്പ നല്‍കിയിരിക്കുന്നതെന്നും വി.എസ് ആരോപിച്ചു. വ്യാജമായ വിനിയോഗ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി ബാക്കി തുക എസ്.എന്‍.ഡി.പി നേതാക്കള്‍ സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുകയാണ്. മാത്രവുമല്ല വായ്പ എടുത്ത സഹായ സംഘങ്ങള്‍ക്ക് യാതൊരു പിന്തുണയും യോഗം നല്‍കുന്നുമില്ല.

പാവപ്പെട്ട ഈഴവര്‍ക്ക് ലഭിക്കേണ്ട തുക ഇങ്ങനെ തട്ടിയെടുക്കുകയാണ്. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ച വിവിധ വകുപ്പുകള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എന്നാല്‍ യാതൊരു നടപടിയും എടുക്കരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദേശിച്ചിരിക്കുകയാണെന്നും വി.എസ് ആരോപിച്ചു. ഒരു ജാമ്യവുമില്ലാതെയാണ് എസ്.എന്‍.ഡി.പിക്ക് വായ്പ നല്‍കിയിരിക്കുന്നത്. ഒന്നര വര്‍ഷം കഴിഞ്ഞിട്ടും വിനിയോഗ സര്‍ട്ടിഫിക്കറ്റ് എസ്.എന്‍.ഡി.പി യോഗം നല്‍കിയിട്ടില്ല.

വായ്പാ ക്രമക്കേട് സംബന്ധിച്ച് പല ഉപഭോക്താക്കളും ക്രിമിനല്‍ കേസ് നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ചേര്‍ന്ന് തടഞ്ഞുവെച്ചിരിക്കുകയാണെന്നും വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു.  വായ്പ ദുർവിനിയോഗം ചെയ്‌തെന്ന റിപ്പോർട്ട് ലഭിച്ചിട്ടും സര്‍ക്കാര്‍ അനങ്ങിയില്ലെന്നും വി‌എസ് ആരോപിച്ചു. വെള്ളാപ്പള്ളിക്കെതിരെ പിന്നാക്ക കോർപ്പറേഷൻ നടപടിയെടുക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നെന്നും വി.എസ് പറഞ്ഞു. മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ നടത്തിയ അഴിമതിയേക്കുറിച്ച്  സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.