‘കുതിരയ്ക്ക് കഴുതയിലുണ്ടാകുന്ന കുഞ്ഞ് കുതിരയും കഴുതയുമായിരിക്കില്ല, കോവർ കഴുതയായിരിക്കും’; വെള്ളാപ്പള്ളി നടേശനും സംഘപരിവാറിനും എതിരെ ആഞ്ഞടിച്ച് വീക്ഷണം

single-img
7 October 2015

vellappally-natesanതിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനും സംഘപരിവാറിനും എതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് മുഖപ്രത്രം വീക്ഷണത്തിന്‍െറ മുഖപ്രസംഗം. എസ്.എൻ.ഡി.പിയെ ഇപ്പോൾ നയിക്കുന്നത് നികൃഷ്ട ജീവികളാണെന്ന് വീക്ഷണം പത്രം മുഖപ്രസംഗത്തിൽ ആരോപിച്ചു.

ശ്രീനാരായണഗുരു കൊളുത്തിയതും ഡോ. പൽപുവും കുമാരനാശാനും ഉയർത്തിപ്പിടിച്ചതുമായ ദീപശിഖ ഊതിക്കെടുത്താനും സമുദായത്തെയും സമൂഹത്തെയും ഇരുളിലേക്ക് നയിക്കാനുമാണ് എസ്.എൻ.ഡി.പി ശ്രമിക്കുന്നത്. ശ്രീനാരായണീയ പ്രസ്ഥാനത്ത സംഘ്പരിവാറിന്റെ ഭാഗമാക്കാനുള്ള ശ്രമം എസ്.എൻ.ഡി.പിയെ നയിച്ച പൂർവികരോടുള്ള വഞ്ചനയും ചരിത്രത്തോടുള്ള കൊടുംചതിയുമാണ്.

ചെമ്പഴന്തിയില്‍ ജനിച്ചു കണിച്ചുകുളങ്ങരയില്‍ ഒടുങ്ങേണ്ടതല്ല ശ്രീനാരായണ പ്രസ്ഥാനം. അത് കാലദേശാതിവര്‍ത്തിയാണ്. ഗുരുദേവന്‍ നല്‍കിയ ജ്ഞാനത്തിന്‍റെയും വെളിച്ചത്തിന്‍റെയും ജ്വാലയെ വിദ്വേഷത്തിന്‍റെയും വിഭാഗീയതയുടെയും പടുതിരിയും വിഷധൂമങ്ങളുമാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നതെന്നും ‘ഗുരുദര്‍ശനം സംഘ് ദര്‍ശനത്തിന് വിരുദ്ധം’ എന്ന തലക്കെട്ടില്‍ എഴുതിയ മുഖപ്രസംഗത്തില്‍ പറയുന്നു.

നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഐക്യം എന്ന സൂത്രവാക്യത്തിലൂടെ സ്വന്തം സമുദായത്തെ മാത്രമല്ല ഇതര സമുദായങ്ങളെയും ചതിക്കുഴികളില്‍ ചാടിക്കാനാണ് എസ്.എന്‍.ഡി.പി യോഗം നേതാക്കള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

കരുത്തിന്റെ പര്യായമായ കുതിരയ്ക്ക് അലസതയുടെ നാനാർത്ഥമായ കഴുതയിലുണ്ടാകുന്ന കുഞ്ഞ് കുതിരയും കഴുതയുമായിരിക്കില്ല, കോവർ കഴുതയായിരിക്കും എന്ന് പറഞ്ഞാണ് ലേഖനം നിര്‍ത്തുന്നത്.