നടന്‍ സുരേഷ് ഗോപി നടത്തിയ അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം; എന്‍എഫ്ഡിസി ചെയര്‍മാന്‍ പദവിയിലേക്ക് ആരെയും നിയമിക്കുകയോ സാധ്യതയുള്ളവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രാലയം

single-img
7 October 2015

Suresh-Gopiന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര വികസന സമിതി (എന്‍എഫ്ഡിസി) ചെയര്‍മാന്‍ പദവി സംബന്ധിച്ച് നടന്‍ സുരേഷ് ഗോപി നടത്തിയ അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ചെയര്‍മാനായി ആരെയും നിയമിക്കുകയോ സാധ്യതയുള്ളവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുകയോ ചെയ്തിട്ടില്ലെന്ന് വിവരാവാകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിന് മന്ത്രാലയം മറുപടി നല്‍കിയതായി ‘മാധ്യമം’ ദിനപ്പത്രം റിപ്പോര്‍ട്ടു ചെയ്തു. ചെയര്‍മാന്‍ സ്ഥാനത്തേക്ക് തന്നെ നിയോഗിക്കുന്നുവെന്ന സുരേഷ് ഗോപിയുടെ അവകാശവാദമാണ് മന്ത്രാലയം തള്ളിയത്.

എന്‍എഫ്ഡിസി ചെയര്‍മാനായി നിയമിക്കപ്പെടുന്നു എന്ന രീതിയില്‍ ഒരാള്‍ നടത്തുന്ന് പ്രചാരണത്തില്‍ വസ്തുതയുണ്ടോ എന്നായിരുന്നു വിരാവകാശ നിയമപ്രകാരമുള്ള ചോദ്യം. ഇതിനുള്ള മറുപടിയിലാണ് ഇത്തരം വിവരങ്ങളോ രേഖകളോ ലഭ്യമല്ലെന്ന് മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി എസ് ബി പാണ്ഡേ മറുപടി നല്‍കിയത്. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ എന്തെങ്കിലും നടപടിയുണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തമായ മറുപടി മന്ത്രാലയം നല്‍കിയില്ല.

പ്രധാനമന്ത്രി നരേന്ദ്രമോഡി ആവശ്യപ്പെടുന്ന ഏതു ചുമതലയും ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്ന് വ്യക്തമാക്കി സുരേഷ് ഗോപി തന്നെയാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായുള്ള അവകാശവാദം ആദ്യം പുറത്തുവിട്ടത്.  കഴിഞ്ഞ മേയില്‍ ഡല്‍ഹിയിലെത്തി ധനമന്ത്രി അരുണ്‍ ജെയ്റ്റിലെയും വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡിനെയും സുരേഷ് ഗോപി സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു സുരേഷ് ഗോപിയുടെ അവകാശവാദം.

എന്നാല്‍, മാസങ്ങള്‍ക്ക് ശേഷവും ഇക്കാര്യത്തില്‍ തീരുമാനം വന്നിട്ടില്ലെന്ന് മാത്രമല്ല, മന്ത്രാലയത്തില്‍ ഇതുസംബന്ധിച്ച വിവരങ്ങളൊന്നുമില്ലെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. കേന്ദ്രസര്‍ക്കാരില്‍നിന്ന് ഇതുവരെ തനിക്ക് അറിയിപ്പൊന്നും ലഭിച്ചില്ലെന്നും എന്തുകൊണ്ടണ് വൈകുന്നതെന്ന് അറിയില്ലെന്നും കഴിഞ്ഞ ദിവസം സുരേഷ് ഗോപി പറഞ്ഞിരുന്നു.