കാഴ്ചയുടെ സ്വര്‍ഗ്ഗം തേടുന്നവര്‍ ഊട്ടിയും കൂനൂരുമൊക്കെ മാറ്റിവെയ്ക്കും, കോട്ടയം ജില്ലയിലുള്ള ഇലവീഴാപൂഞ്ചിറ ഒന്നു കണ്ടാല്‍

single-img
6 October 2015

ilaveezhapoonchira20131031104649_200_1

ഹില്‍സ്‌റ്റേഷനുകളില്‍ കൂനൂരിനേയും ഊട്ടിയേയുമൊക്കെ കവെച്ചുവെയ്ക്കും നമ്മുടെ കൊച്ചു കേരളത്തിലെ ഈ ഒരു പ്രദേശം. സമുദ്രനിരപ്പില്‍ നിന്നും 3200 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇലവീഴാപൂഞ്ചിറയെന്ന ഭൂമിയിലെ സ്വര്‍ഗ്ഗം പക്ഷേ പലര്‍ക്കും ഇന്ന് അന്യമാണ്. കേരളത്തില്‍ ഉള്ളവര്‍പോലും ഭൂമിയിലെ സ്വര്‍ഗ്ഗമായ ഇലവീഴാപൂഞ്ചിറ ചിലപ്പോള്‍ ആദ്യം കേള്‍ക്കുന്ന പേരാകും. പക്ഷേ ഒരു തവണ ആ ഒരു മനോഹാരിത നേരിലറിഞ്ഞവര്‍ക്ക് ഒരിക്കലും മനസ്സില്‍ നിന്നും മായ്ക്കാന്‍ കഴിയുന്ന ചിത്രമല്ല ഇലവീഴാപൂഞ്ചിറയിലേത് എന്നത് അനുഭവ സാക്ഷ്യവും.

കോട്ടയം ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമാണ് ഈ ഈ ഇലവീഴാപൂഞ്ചിറ.സഞ്ചാരികള്‍ ആഗ്രഹിക്കുന്ന പോലെ ഏറ്റവും സ്വസ്ഥമായ അന്തരീക്ഷമുള്ള തിരക്കുകളില്ലാത്ത ഒരു ഹില്‍ സ്റ്റേഷനാണ് ഇത്. മഞ്ഞു പെയ്തു തുടങ്ങിയാല്‍ തമിഴ്‌നാട്ടിലെ ഊട്ടിയും കൂനൂരും പൂഞ്ചിറയ്ക്കു മുന്നില്‍ നിന്നും മാറിനില്‍ക്കും. കുറ്റിക്കാടുകളും പുല്‍മേടുകയും ഇടയ്ക്കിടയ്ക്ക് നൂല്‍മഴപോലെ പെയ്തിറങ്ങുന്ന മഞ്ഞും ഇവിടെയെത്തുന്ന സഞ്ചാരികളുടെ മനസ്സ് കീഴടക്കും.

സഞ്ചാരികളുടെ സ്വര്‍ഗ്ഗഭൂമിയായ തമിഴ്‌നാട്ടിലെ കൂനൂരിനോട് ഏതുരീതിയിലും താരതമ്യപ്പെടുത്താവുന്ന ഒരിടം കൂടിയാണ് ഇവിടം. എന്നാല്‍ കൂനൂര്‍ പോലെ പരന്നല്ല പൂഞ്ചിറയുടെ ഭൂമിശാസ്ത്രം. 1000 ഹെക്ടര്‍ വിസ്തൃതിയില്‍ വിരാജിക്കുന്ന പൂഞ്ചിറയിലെ നാലു മലകളാല്‍ ചുറ്റപ്പെട്ട താഴ്‌വരയില്‍ വര്‍ഷകാലത്ത് ജലം നിറയുമ്പോള്‍ ഒരു വലിയ തടാകം രൂപപ്പെടുന്ന അപൂര്‍വ്വ സുന്ദരമായ ഒരു കാഴ്ചകൂടി ഇവിടെ കാണാനാകും.

-17345_7470

പൂഞ്ചിറയിലേതുപോലെ ശാന്തമായ അന്തരീക്ഷം മറ്റെങ്ങും ലഭിക്കില്ല എന്നുള്ളതിന് എരണ്ട് സംശയമില്ല. അതിനുകാരണം ഇവിടം അധികം വിനോദ സഞ്ചാരികളുടെ ശ്രദ്ധ ആകര്‍ഷിക്കാത്ത സ്ഥലമായതിനാലാണ്. പൂഞ്ചിറ സ്ഥിതിചെയ്യുന്നത് കോട്ടയം ജില്ലയിലാണെങ്കിലും ഇടുക്കിയിലെ തൊടുപുഴയോട് ചേര്‍ന്നാണ് ഹില്‍സ്റ്റേഷന്‍. തൊടുപുഴയില്‍ നിന്ന് 20 കിലോമീറ്റര്‍ സഞ്ചരിച്ച് കാഞ്ഞാറിലെത്തുന്നവര്‍ക്ക് അവിടെ നിന്നും പത്ത് കിലോമീറ്റര്‍ ദൂരമാണ് പൂഞ്ചിറയിലേക്കുള്ളത്. ജീപ്പില്‍ ഒരു സാഹസിക യാത്രയെ അനുസ്മരിക്കും വിധം കുത്തനെയുള്ള കയറ്റം കയറി എത്തുമ്പോള്‍ കാഴ്ചയുടെ വള്ളസദ്യയൊരുക്കി പൂഞ്ചിറ കാത്തിരിക്കുന്നുണ്ടാകും.

മരങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവിടെ ഇലകള്‍ വീഴാറില്ല. ആ ഒരു അവസ്ഥയില്‍ നിന്നുമാണ് ഇലവീഴാ പൂഞ്ചിറയെന്ന പേര് ഈ പ്രദേശത്തിന് ലഭിച്ചത്. താഴ്‌വരയിലെ തടാകത്തില്‍ ിലകള്‍ വീഴാറില്ല. എപ്പോഴും നൂലുപെയ്യുന്നത് പോലെ മഴപെയ്തു നില്‍ക്കുന്ന പൂഞ്ചിറയുടെ താഴ്‌വരയെ കുടയത്തൂര്‍ മല, തോണിപ്പാറ, മാങ്കുന്ന എന്നീ മലകള്‍ ചുറ്റി നില്‍ക്കുന്നു. മഞ്ഞു പെയ്തു തുടങ്ങിയാല്‍ പൂഞ്ചിറയുടെ അന്തരീക്ഷം മാറുകയായി. വനവാസകാലത്ത് പാണ്ഡവര്‍ ഇവിടെ വസിച്ചിരുന്നുവെന്നും പാണ്ഡവ പത്‌നിയായ പാഞ്ചാലി ഇവിടെയുള്ള ചിറയില്‍ നീരാട്ടിനെത്തിയപ്പോള്‍ മറയുണ്ടാക്കാന്‍ ദേവേന്ദ്രന്‍ ചുറ്റും പൂക്കള്‍ നിറഞ്ഞ മലകള്‍ സൃഷ്ടിച്ചുവെന്നുമാണ് ഇലവീഴാപൂഞ്ചിറയെ സംബന്ധിച്ച ഐതീഹ്യം.

poonchira1

മലയുടെ ഒരു വശത്ത് ഒരു ഗുഹയുണ്ട്. ഇവിടേക്ക് ട്രെക്കിംഗ് നടത്താനുള്ള സൗകര്യങ്ങള്‍ ടൂറിസം വകുപ്പ് ഒരുക്കിയിട്ടുണ്ട്. ഡി.ടി.പി.സിയുടെ പൂര്‍ണ്ണമായും കരിങ്കലില്‍ പണിതെടുത്ത ചെറിയ റിസോര്‍ട്ട് പൂഞ്ചിറയിലുണ്ട്. മലയുടെ മുകളിലെ ഈ റിസോര്‍ട്ടിലിരുന്നുള്ള താഴ്‌വരയിലെ കാഴ്ചകള്‍ അവിസ്മരണീയമായിരിക്കുമെന്നുള്ളതിന് സംശയമില്ല. എല്ലാ കാലാവസ്ഥയിലും തണുത്തു നില്‍ക്കുന്ന ഒരു അന്തരീക്ഷം സഞ്ചാരികളെ വീണ്ടും വീണ്ടും ഇവിടേക്ക് ക്ഷണിക്കും.

മലയുടെ മുകളില്‍ നില്‍ക്കുമ്പോള്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ തുടങ്ങിയ ജില്ലകളുടെ സിംഹഭാഗവും കാണാന്‍ സാധിക്കുമെന്നത് മറ്റൊരു കൗതുകവും. പൂഞ്ചിറയൊരുക്കുന്ന സുര്യോദയവും അസ്തമയവും അവിസ്മരണീയമാണ്. മറ്റൊരു പ്രദേശത്തിനു സമ്മാനിക്കാനാകാത്ത ഒരു അനുഭവമായിരിക്കും ഇലവീഴാപൂഞ്ചിറയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. അത് അനുഭവിച്ചു തന്നെ അറിയണമെന്നുള്ളത് മറ്റൊരു സത്യവും.