എസ്.എൻ.ഡി.പിയുടെ കേരളയാത്രയിൽ ജി.മാധവൻ നായർ രക്ഷാധികാരി

single-img
6 October 2015

vellapallyആലപ്പുഴ: എസ്.എൻ.ഡി.പി നവംബർ രണ്ടാം വാരം നടത്തുന്ന കേരളയാത്രയ്ക്ക് ഐ.എസ്.ആര്‍.ഒ മുൻ ചെയർമാൻ ജി.മാധവൻ നായർ രക്ഷാധികാരിയാകും. ജാഥാ ചെയർമാനായി യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൻ കാളിദാസ ഭട്ടതിരിപ്പാടിനേയും വർക്കിംഗ് ചെയർമാനായി തുഷാർ വെള്ളാപ്പള്ളിയേയും തീരുമാനിച്ചു.

“സമത്വമുന്നേറ്റ യാത്ര” എന്ന് പേരിട്ടിരിക്കുന്ന യാത്ര നവംബറിൽ കാസർകോടുനിന്നും ആരംഭിച്ച് ഡിസംബർ അഞ്ചിന് തിരുവനന്തപുരത്ത് സമാപിക്കും. സമാപന സമ്മേളനത്തിൽ പുതിയ പാർട്ടി പ്രഖ്യാപനം ഉണ്ടാകും. രാഷ്ട്രീയ പാർട്ടി രൂപവത്കരണം സംബന്ധിച്ച് വിവിധ സാമുദായിക സംഘടനകളുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും അഭിപ്രായം സ്വരൂപിക്കാൻ ഇന്നലെ ചേര്‍ത്തലയിൽ കൂടിയ യോഗത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്.

യാത്രയിൽ വെള്ളാപ്പള്ളിക്കൊപ്പം മറ്റു സാമുദായിക സംഘടനാ നേതാക്കളും മുൻനിരയിൽ അണിനിരക്കും. കാസർകോട്ടുനിന്ന് ആരംഭിക്കുന്ന യാത്ര ഓരോ ജില്ലയിൽ എത്തുമ്പോഴും ശക്തി തെളിയിക്കുന്ന തരത്തിൽ ജില്ലാതല സംഗമങ്ങൾ നടത്തുന്നതിനും സമാപനം തിരുവനന്തപുരത്ത് ചരിത്ര സംഭവമാക്കുന്നതിനുമാണ് തീരുമാനം.

എസ്.എന്‍.ഡി.പിയുടെ “സമത്വ മുന്നേറ്റയാത്ര”യുടെ രക്ഷാധികാരി ആകുന്നതിൽ സന്തോഷമുണ്ടെന്ന് ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ജി.മാധവൻ നായർ അറിയിച്ചു. വികസന അജണ്ടയുള്ള ബി.ജെ.പിയുമായി യോജിക്കുന്നതിൽ സന്തോഷമുണ്ട്. അതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

കേരളം ഇപ്പോൾ വികസനത്തിൽ പുറകിലാണ്. അതിനാൽ വികസനത്തിൽ ഊന്നിക്കൊണ്ടുള്ള ഒരു സംവിധാനം വരണം. ഇപ്പോഴുള്ള ഭരണ സംവിധാനത്തിൽ അതിന് പ്രതിവിധി ഇല്ല. അതിന് എല്ലാവരേയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സംവിധാനം വേണം. ബി.ജെ.പിയോട് യോജിക്കുന്നതിൽ തെറ്റില്ലെന്നും ഹിന്ദു എന്ന് പറഞ്ഞാൽ എല്ലാ സമൂഹവും ഉൾപ്പെടുന്നതാണെന്നും മാധവൻ നായർ പറഞ്ഞു.

ഫിലിപ്പ് എം.പ്രസാദ്, അഡ്വ. എം.ജയശങ്കർ, എൻ.എം.പിയേഴ്‌സൺ, പ്രൊഫ.ജയപ്രസാദ്, പി.രാജൻ, യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൻ കാളിദാസ ഭട്ടതിരിപ്പാട്, കെ.പി.എം.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി.ബാബു, വി.എസ്.ഡി.പി. നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ, ഫാ. തോമസ് കൈതപറമ്പിൽ, കേരള വിശ്വകർമസഭാ നേതാവ് ടി.കെ.സോമശേഖരൻ, ധീവര സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി പൂയപ്പള്ളി രാഘവൻ, വീരശൈവ മഹാസഭാ പ്രസിഡന്റ് കെ.വി.ശിവൻ, മുന്നാക്ക സമുദായ സംരക്ഷണ മുന്നണി ജനറൽ സെക്രട്ടറി സി.എസ്.നായർ, പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ തുടങ്ങിയവർ ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തിരുന്നു.

സംസ്ഥാനത്തെ മറ്റു സാമുദായിക സംഘടനകളുമായി ചർച്ച നടത്തുന്നതിന് എസ്.എന്‍.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൻ കാളിദാസ ഭട്ടതിരിപ്പാട്, കെ.പി.എം.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി.ബാബു തുടങ്ങിയവരടങ്ങുന്ന കമ്മിറ്റിയെയും ചുമതലപ്പെടുത്തി.