കോൾസെന്റർ ജീവനക്കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി വഴിയിൽ തള്ളി

single-img
6 October 2015

rapeബാംഗളൂർ: ബാംഗളൂർ നഗരത്തിൽ കോൾസെന്റർ ജീവനക്കാരിയെ വാനിൽ കയറ്റിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി റോഡിൽ ഉപേക്ഷിച്ചു. ശനിയാഴ്ച രാത്രി നടന്ന സംഭവം തിങ്കളാഴ്ചയാണ് പുറത്തറിഞ്ഞത്. ബൊമ്മനഹള്ളിയിലെ ഓഫീസിൽ നിന്ന് എച്ച്.എസ്.ആർ ലേഔട്ടിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗ്വാളിയോർ സ്വദേശിയായ 23 കാരിയാണ് അക്രമത്തിനിരയായത്.

രാത്രി 10 മണിക്ക് ഇലക്ട്രോണിക്‌സ് സിറ്റി ജംഗ്ഷനിൽ ഓട്ടോറിക്ഷ കാത്തുനിൽക്കുകയായിരുന്നു യുവതി. അതുവഴി വന്ന ടെംപോ ട്രാവലർ ഡ്രൈവറും ക്ലീനറും യുവതിയെ താമസ്ഥലത്ത് ഏത്തിക്കാമെന്ന് അറിയിക്കുകയായിരുന്നു. സാധാരണ സർവീസ് നടത്തുന്ന വാഹനമാണെന്ന ധാരണയിലാണ് യുവതി കയറിയത്. യുവതി വാഹനത്തിൽ കയറിയ ഉടൻ ക്ലീനർ കത്തിയെടുത്ത് ഭീഷണിപ്പെടുത്തി. തുടർന്ന് ഇന്റർമീഡിയേറ്റ് റിങ് റോഡിലൂടെ ഓൾഡ് എയർപോർട്ട് റോഡിലെത്തി ഒഴിഞ്ഞ സ്ഥലത്ത് വണ്ടി നിർത്തി ഡ്രൈവറും ക്ലീനറും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.

കൃത്യത്തിന് ശേഷം സിൽക്ക് ബോർഡ് ജംഗ്ഷനും സെന്റ് ജോൺസ് ഹോസ്പിറ്റൽ റോഡും കടന്ന് ഒരു മണിയോടെ ഇലക്ട്രോണിക്‌സ് സിറ്റി ജംഗ്ഷനിൽ തന്നെ യുവതിയെ ഉപേക്ഷിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. പോലീസില്‍ അറിയിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം യുവതിയുടെ സിംകാര്‍ഡും നശിപ്പിച്ചു.

സെന്റ് ജോണ്‍സ് ആസ്പത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി തിങ്കളാഴ്ച ആസ്പത്രി വിട്ടു. കേസന്വേഷണത്തിനായി പ്രത്യേക സംഘം രൂപവത്ക്കരിച്ചതായും വാഹനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബാംഗളൂർ ഡപ്യൂട്ടി പോലീസ് കമ്മീഷണർ രോഹിണി ഘടോഝ് അറിയിച്ചു.